സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ്. അടുത്ത വ‍ർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ബിഗ് ബാഷ് ലീഗിൽ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റിന് വേണ്ടി 40 റൺസ് നേടിയതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ. 2018 മെയ് മാസത്തിലാണ് ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 

ബൗച്ചറും സ്‌മിത്തും നിര്‍ണായകം

ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചുവരാൻ താൽപര്യമുണ്ട്. ഇക്കാര്യം കോച്ച് മാർക് ബൗച്ചറുമായും ക്രിക്കറ്റ് ഡയറക്ടർ ഗ്രേം സ്‌മിത്തുമായും ക്യാപ്റ്റൻ ഡുപ്ലെസിയുമായും സംസാരിക്കുന്നുണ്ട്. ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുകയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ ഡിവില്ലിയേഴ്‌സ് 78 ട്വന്റി 20യിൽ നിന്ന് 1672 റൺസെടുത്തിട്ടുണ്ട്. 2017 ഒക്‌ടോബർ 29ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്‌സിന്റെ അവസാന രാജ്യാന്തര ട്വന്റി 20 മത്സരം.

ടി20 ലോകകപ്പ് ടീമിലേക്ക് ഡിവില്ലിയേഴ്സിനെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ ചുമതലയേറ്റ ശേഷം പറഞ്ഞിരുന്നു. ലോകകപ്പില്‍ ഓരോ ടീമും അവരുടെ ഏറ്റവും മികച്ച കളിക്കാരെയാണ് ടീമിലെടുക്കുക. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്‌സുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഡിവില്ലിയേഴ്സിന് പുറമെ കോള്‍പാക് നിയമപ്രകാരം ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോയ ദക്ഷിണാഫ്രിക്കന്‍ കളിക്കാരെ വീണ്ടും ടീമിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യവും സജീവമായി പരിഗണിക്കുമെന്നും ബൗച്ചര്‍ വ്യക്തമാക്കിയിരുന്നു.

'മിസ്റ്റര്‍ 360': ക്രിക്കറ്റ് പ്രേമികള്‍ക്ക് അതൊരു വികാരം

ഈ നൂറ്റാണ്ടില്‍ വെടിക്കെട്ട് ബാറ്റിംഗിന്‍റെ പര്യായപദങ്ങളിലൊന്നായിരുന്നു എബിഡി. ദക്ഷിണാഫ്രിക്കയ്‌ക്കായി 2004ല്‍ ആണ് ഡിവില്ലിയേഴ്‌സ് അരങ്ങേറിയത്. 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി20കളിലും പ്രോട്ടീസിനെ 'മിസ്റ്റര്‍ 360' പ്രതിനിധീകരിച്ചു. ടെസ്റ്റില്‍ 8,765 റണ്‍സും ഏകദിനത്തില്‍ 9,577 റണ്‍സും അടിച്ചുകൂട്ടി. ലോക ക്രിക്കറ്റില്‍ സ്‌ഫോടനശേഷി കൊണ്ട് അമ്പരപ്പിച്ച എബിഡിക്ക് വേഗമേറിയ ഏകദിന സെഞ്ചുറിയടക്കമുള്ള ഒരുപിടി മികച്ച റെക്കോര്‍ഡുകളുണ്ട്.