
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്റെ അതിവേഗ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. രണ്ടു ദിവസം കൊണ്ട് 30 വിക്കറ്റുകള്‍ നിലംപൊത്തിയ പെര്‍ത്തിലെ വിക്കറ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 83 പന്തില്‍ 123 റണ്‍സടിച്ച ഹെഡ് വിജയത്തിനരികെ വീണെങ്കിലും 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍നസ് ലാബുഷെയ്‌നും രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി. എട്ട് വിക്കറ്റിന്റെ ജയമായിരുന്നു ഓസീസിന്.
ഇതിനിടെ ഓസീസ് താരത്തിന് നിര്‍ദേശവുമായി മുന്‍ താരം മാര്‍ക്ക് വോ രംഗത്ത് വന്നു. അദ്ദേഹം രസകരമായി പറഞ്ഞതിങ്ങനെ... ''ശേഷിക്കുന്ന കരിയറിലുടനീളം ഹെഡ് ഈ ഹെയര്‍സ്റ്റൈല്‍ മാറ്റരുത്.'' എന്നാണ് മാര്‍ക്ക് വോ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയത്. മുടി മുറിച്ചാല്‍ ഫോം നഷ്ടമാകുമെന്നാണ് മാര്‍ക്ക് വോ രസകരമായി പറഞ്ഞുവെക്കുന്നത്. ഈ ഹെയര്‍ സ്‌റ്റൈലില്‍ കളിക്കുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ഹെഡിന് കഴിയുമെന്നും മാര്‍ക്കോ കരുതുന്നു.
അതേസമയം, മത്സരശേഷം ഹെഡ് മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികളോട് ക്ഷമാപണം നടത്തി. അദ്ദേഹം പറഞ്ഞതിങ്ങനെ... ''എന്നെ ഓപ്പണറാക്കാനുള്ള തീരുമാനം എല്ലാവരും കൂടി എടുത്തതാണ്. എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു, അതിന് പിന്തുണയും ഉണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന പദ്ധതികള്‍ കൃത്യായി ഞാന്‍ നടപ്പിലാക്കിയെന്ന് വിശ്വസിക്കുന്നു. ഒരു പരമ്പര നന്നായി ആരംഭിക്കുന്നത് എപ്പോഴും നല്ലതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ബ്രിസ്‌ബേനിലും ഇത് ചെയ്തു, ഇതും അത്രയും മികച്ചതായി തോന്നുന്നു. ഇന്നലെ ഞങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരുന്നില്ല, ഇന്നും അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇതുപോലുള്ള ഒരു വിജയം നേടുന്നത് മഹത്തായ കാര്യമാണ്. നാളത്തേക്ക് ടിക്കറ്റെടുത്ത 60,000 ക്രിക്കറ്റ് പ്രേമികളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.'' ഓസീസ് താരം പറഞ്ഞു.
ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഹെഡ് നേടിയത്. നാലാം ഇന്നിംഗ്‌സില്‍ ഒരു ബാറ്ററുടെ വേഗമേറിയ സെഞ്ചുറിയെന്നും റെക്കോര്‍ഡും ഹെഡ് സ്വന്തമാക്കി. 23 റണ്‍സെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിന്റെ വിക്കറ്റും ഓസീസിന് നഷ്ടമായിരുന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ രണ്ടിന് ബ്രിസ്‌ബേനിലെ ഗാബയില്‍ തുടങ്ങും. സ്‌കോര്‍ ഇംഗ്ലണ്ട് 172, 164, ഓസ്‌ട്രേലിയ 132, 205-2.