ലോകകപ്പിലെ മോശം പ്രകടനം; ബംഗ്ലാ ക്യാപ്റ്റന്‍ മൊര്‍താസയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാക്കിബ്

By Web TeamFirst Published Aug 30, 2019, 6:26 PM IST
Highlights

ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സീനിയര്‍ താരം ഷാക്കിബ് അല്‍ ഹസന്‍. ഏകദിന ലോകകപ്പില്‍ മൊര്‍താസയുടെ മോശം പ്രകടനമാണ് ഷാക്കിബിനെ തുറന്നു പറിയപ്പിച്ചത്.

ധാക്ക: ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സീനിയര്‍ താരം ഷാക്കിബ് അല്‍ ഹസന്‍. ഏകദിന ലോകകപ്പില്‍ മൊര്‍താസയുടെ മോശം പ്രകടനമാണ് ഷാക്കിബിനെ തുറന്നു പറിയപ്പിച്ചത്. ലോകകപ്പ് അവസാനിക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു ബംഗ്ലാദേശ്. ലോകകപ്പില്‍ ഒന്നാകെ രണ്ട് വിക്കറ്റ് മാത്രമാണ് മൊര്‍താസയ്ക്ക് നേടാന്‍ സാധിച്ചത്.

606 റണ്‍സ് നേടിയ ഷാക്കിബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പട്ടികയില്‍ മൂന്നാമതായിരുന്നു. 10 വിക്കറ്റും ഷാക്കിബ് സ്വന്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''എനിക്ക് വിശ്വാസമുണ്ടായിരുന്നു, ലോകകപ്പില്‍ ടീമിന് ഏറെ ദൂരം പോകാന്‍ കഴിയുമെന്ന്. എല്ലാ താരങ്ങളില്‍ നിന്നും സഹായം ലഭിച്ചിരുന്നെങ്കില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ടീമിന് സാധിക്കുമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. 

ഒരു താരം മികച്ച പ്രകടനം നടത്താതിരിക്കുമ്പോള്‍ ടീമിനേക്കാള്‍ കൂടുതല്‍ അയാളുടെ പ്രകടനത്തെ കുറിച്ചാണ് അയാള്‍ ചിന്തിക്കുക. പിന്നീട് അതൊരു പ്രശ്‌നമായി മാറും. മൊര്‍താസയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ക്യാപ്റ്റന്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നപ്പോള്‍ അത് അദ്ദേഹത്തിന് ഒരു പ്രശ്‌നമായി മാറി. പിന്നാലെ ടീമിനേയും ബാധിച്ചു. ക്യാപ്റ്റന്‍ മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നു.''

ടെസ്റ്റ്- ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒരുപാട് നാളത്തേക്ക് മുന്നോട്ട് കൊണ്ടുപോവാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാക്കിബ് കൂട്ടിച്ചേര്‍ത്തു. ''ടീമിനെ നയിക്കാന്‍ മാത്രം തയ്യാറെടുത്തിട്ടില്ല ഞാന്‍. ആ സ്ഥാനത്തേക്ക് മറ്റൊരു യുവതാരത്തെ വളര്‍ത്തികൊണ്ടുവരണം. സീനിയര്‍ താരങ്ങള്‍ പിന്തുണ നല്‍കും. എനിക്ക് എന്റേതായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. എന്നാല്‍ ടീമില്‍ ഇപ്പോള്‍ ഒരു നായകമാറ്റത്തിന് സമയമായിട്ടില്ല. ടീമിലെ സാഹചര്യങ്ങള്‍ മികച്ചതാവുമ്പോള്‍ മറ്റൊരു യുവതാരം നായകസ്ഥാനം ഏറ്റെടുക്കട്ടെ.'' ഷാക്കിബ് പറഞ്ഞുനിര്‍ത്തി.

click me!