അസംബന്ധം വിളിച്ചുപറയരുത്; മുരളീധരനെതിരെ ലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍

By Web TeamFirst Published Jul 19, 2021, 11:44 PM IST
Highlights

നാല് മുതിര്‍ന്ന ലങ്കന്‍ താരങ്ങള്‍ തുച്ഛമായ പണത്തിനു വേണ്ടി മറ്റ് 37 താരങ്ങളുടെ കരിയര്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു മുരളിയുടെ വിമര്‍ശനം. ഒരു സ്വകാര്യ ടിവി ചാനലിലാണ് മുരളി ഇക്കാര്യം സംസാരിച്ചത്. 
 

കൊളംബൊ: ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ വിമര്‍ശങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ശ്രീലങ്കന്‍ താരങ്ങള്‍. നാല് മുതിര്‍ന്ന ലങ്കന്‍ താരങ്ങള്‍ തുച്ഛമായ പണത്തിനു വേണ്ടി മറ്റ് 37 താരങ്ങളുടെ കരിയര്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു മുരളിയുടെ വിമര്‍ശനം. ഒരു സ്വകാര്യ ടിവി ചാനലിലാണ് മുരളി ഇക്കാര്യം സംസാരിച്ചത്. 

മുരളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീനിയര്‍ താരങ്ങളായ എയ്ഞ്ചലോ മാത്യൂസും ദിമുത് കരുണാരത്‌നെയും. താങ്കളെ മറ്റാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് താരങ്ങള്‍ പറയുന്നത്. മുരളിക്കയച്ച് കത്തിലാണ് താരങ്ങള്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ''തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അനാവശ്യമായ വിദ്വേഷമാണ് അദ്ദേഹം കാണിക്കുന്നത്. എന്തറിഞ്ഞിട്ടാണ് അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് അറിയില്ല.

കരാര്‍ വ്യവസ്ഥയില്‍ സാമ്പത്തികം മാത്രമാണ് താരങ്ങളുടെ പ്രശ്‌നമെന്ന താങ്കളുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. താങ്കള്‍ക്ക് മറ്റാരോ തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുന്നു. താരങ്ങളും ബോര്‍ഡും തമ്മില്‍ ഒരുകാലത്തും ഒന്നിക്കരുതെന്നും ഈ പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാവരുതെന്നും  ആഗ്രഹിക്കുന്നവരാണ് അവര്‍. രഹസ്യമാക്കേണ്ട കാര്യങ്ങളാണ് താങ്കള്‍ പരസ്യമായി പറഞ്ഞത്.'' ഇരുവരും കത്തില്‍ വിശദീകരിച്ചു.

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ചില താരങ്ങള്‍ കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരുന്നു. നിലവില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തിലാണ് താരങ്ങള്‍ കളിക്കുന്നത്. മാത്യൂസ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. പിന്നാലെ അദ്ദേഹം വിരമിക്കുന്നുവെന്ന വാര്‍ത്തകളും വന്നു.

click me!