ടി20 ലോകകപ്പ്: പാകിസ്ഥാന്‍ ടീമിനെ ഹെയ്ഡനും ഫിലാന്‍ഡറും പരിശീലിപ്പിക്കും

By Web TeamFirst Published Sep 13, 2021, 4:20 PM IST
Highlights

ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടേയും ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടേയും മുന്‍ താരങ്ങളാണ്. സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും വരുന്നത്.

ഇസ്ലാമാബാദ്: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി. ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടേയും ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടേയും മുന്‍ താരങ്ങളാണ്. സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും വരുന്നത്. പുതുതായ ചുമതലയേറ്റെടുത്ത പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയാണ് ഇക്കാര്യം അറിയിച്ചത്.

ബൗളിംഗ് വകുപ്പിന്റെ ചുമതല ഫിലാന്‍ഡര്‍ക്കായിരിക്കും. ബാറ്റിംഗ് കോച്ചായ ഹെയ്ഡനും പാക് ക്യാംപിലെത്തും. നേരത്തെ ഇടക്കാല പരിശീലകനായി സഖ്‌ലെയ്ന്‍ മുഷ്താഖിനെ നിയമിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള പാക് ടീമിനെയാണ് സഖ്‌ലെയ്ന്‍ പരിശീലിപ്പിക്കുക. മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും അദ്ദേഹത്തിന്റെ സഹായത്തിനെത്തും. നേരത്തെ, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയും വഖാറും പിന്മാറിയത്.

ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേടിയ താരമാണ് ഹെയ്ഡന്‍. ഈ പരിചയസമ്പത്ത് പാക് ക്രിക്കറ്റ് ടീമിന് ഗുണം ചെയ്യുമെന്ന് റമീസ് രാജ വ്യക്തമാക്കി. ഫിലാന്‍ഡറെ എനിക്ക് ഒരുപാട് നാളായി അറിയാമെന്നും മികച്ച ബൗളിംഗ് റെക്കോഡിന് ഉടമയായ ഫിലാന്‍ഡര്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും റമീസ് പറഞ്ഞു.

ഇരുവര്‍ക്കും മുകളില്‍ മറ്റൊരു പ്രധാന പരിശീലകന്‍ കൂടിയെത്തുമെന്ന് റമീസ് സൂചന നല്‍കി. എന്നാല്‍ പേര് പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

click me!