
ഹൊബാര്‍ട്ട്: ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷിന്‍റെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും വെടിക്കെട്ട് അര്ധസെഞ്ചുറികളുടെ കരുത്തില്‍ ഓസീസ് മറികടന്നു. ലുങ്കി എംഗിഡി എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കെ 10 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എംഗിഡിയുടെ ആദ്യ പന്തില്‍ മാക്സ്‌വെല്ലിന്‍റെ ബൗണ്ടറിയെന്ന് ഉറപ്പിച്ച ഷോട്ട് കോര്‍ബിന്‍ ബോഷ് അവിശ്വസനീയമായി തടുത്തു.
രണ്ട് റണ്‍സ് ഓടിയെടുത്ത മാക്സ്‌വെല്‍ അടുത്ത പന്ത് ബൗണ്ടറി കടത്തി ലക്ഷ്യം നാലു പന്തില്‍ നാലാക്കി ചുരുക്കി. അടുത്ത രണ്ട് പന്തിലും മാക്സ്‌വെൽ റണ്ണോടിയില്ല. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ നാലു റണ്‍സായി. എന്നാല്‍ ഫുള്‍ടോസായ അഞ്ചാം പന്ത് റിവേഴ്സ് സ്വീപ്പിലൂടെ തേര്‍ഡ്മാന്‍ ബൗണ്ടറി കടത്തിയ മാക്സ്‌വെല്‍ ഓസീസിന് രണ്ട് വിക്കറ്റിന്‍റെ ആവേശജയം സമ്മാനിച്ചു. 36 പന്തില്‍ മാക്സ്‌വെല്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 172-7, ഓസ്ട്രേലിയ 9.5 ഓവറില്‍ 173-8.
നേരത്തെ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയക്ക് ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 66 റണ്‍സടിച്ചു. ട്രാവിസ് ഹെഡിനെ(18 പന്തില്‍ 19) വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ ജോഷ് ഇംഗ്ലിസ്(0) ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നാല അര്‍ധസെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷും( 37 പന്തില്‍ 54) കാമറൂണ്‍ ഗ്രീനും(9), ടിം ഡേവിഡും(9 പന്തില്‍ 17) ആരോണ്‍ ഹാര്‍ഡിയും(1) മടങ്ങിയതോടെ ഓസീസ് 122-6ലേക്ക് കൂപ്പുകുത്തി.
എന്നാല്‍ ബെന്‍ ഡ്വാര്‍ഷൂയിസിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്‌വെല്‍ 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഓസീസിന്‍റെ പ്രതീക്ഷ കാത്തു. അവസാന നാലോവറല്‍ 31 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കാഗിസോ റബാഡ എറിഞ്ഞ പതിനെട്ടാം ഓവറില്‍ സിക്സും ഫോറും അടക്കം 15 റണ്‍സടിച്ച മാക്സ്‌വെല്‍ വിജയത്തോട് അടുപ്പിച്ചു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഡ്വാര്‍ഷൂയിസിനെയും നഥാന്‍ എല്ലിസിനെയും പുറത്താക്കിയ കോര്‍ബിന്‍ ബോഷ് ദക്ഷിിണാഫ്രിക്കയുടെ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. ഇതിനുശേഷമാണ് എംഗിഡിയുടെ അവസാന ഓവറില്‍ ഓസീസ് വിജയം അടിച്ചെടുത്തത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ഡെവാള്‍ഡ് ബ്രെവിസിന്‍റെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്. 26 പന്തില്‍ 53 റണ്‍സടിച്ച ബ്രെവിസായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രെവിസ് ഓസ്ട്രേലിയക്കെതിരെ ഒറു ദക്ഷിണാണാണാഫ്രിക്കന്‍ ബാറ്ററുടെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന സ്വന്തം റെക്കോര്‍ഡ്(25 പന്തില്‍) തിരുത്തി. ഓസ്ട്രേലിയക്കായി നഥാന്‍ എല്ലിസ് 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!