
മെല്‍ബണ്‍: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഏകദിന, ടി20 ടീമുകളുടെ നായകനായ ആരോണ്‍ ഫിഞ്ചിനെ ഒരു ടീമും എടുക്കാതിരുന്നതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഒന്നുകില്‍ ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് തെറ്റു പറ്റി അല്ലെങ്കില്‍ ഐപിഎല്‍ ടീമുകള്‍ക്ക് തെറ്റു പറ്റിയെന്നായിരുന്നു ഫിഞ്ചിനെ ഒഴിവാക്കിയതിനെക്കുറിച്ച് ക്ലാര്‍ക്കിന്‍റെ പ്രതികരണം.
ഓസ്ട്രേലിയന്‍ നായകനായ ഫിഞ്ചിനെ ആരും ടീമിലെടുക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ക്ലാര്‍ക്ക് ലോകത്തിലെ ഏത് കായിക ഇനമെടുത്താലും ഓസ്ട്രേലിയന്‍ ദേശീയ ടീമിന്‍റെ നായകനെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവുന്നില്ലെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ഒരു ഐപിഎല്‍ ടീമിലും ഇടം പിടിക്കാന്‍ ഫിഞ്ചിന് യോഗ്യത ഇല്ലെന്ന് മാത്രം ആരും തന്നോട് പറയരുതെന്നും ക്ലാര്‍ക്ക് ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇപ്പോഴും മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനാണ് ഫിഞ്ചെന്നും ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നത് അദ്ദേഹത്തെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കാമെന്നും ക്ലാര്‍ക്ക് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്ന ഫിഞ്ചിന് കാര്യമായി തിളങ്ങാനായിരുന്നില്ല.
എന്നാല്‍ ഐപിഎല്ലിന് ശേഷം നടന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറിയുമായി ഫിഞ്ച് ഫോമിലേക്ക് മടങ്ങിയെത്തി. ഇന്ത്യക്കെതിരായ പരമ്പരക്കുശേഷം നടന്ന ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനെഗഡ്സിനായി ഇറങ്ങിയ ഫിഞ്ചിന് പക്ഷെ 13 മത്സരങ്ങളില്‍ 13.76 ശരാശരിയില്‍ 179 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. ഇതോടെ ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ താരത്തെ കൈവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!