400 വിക്കറ്റും തകര്‍പ്പന്‍ റെക്കോര്‍ഡും അരികെ; ഇതിഹാസങ്ങളെ പിന്തള്ളാന്‍ അശ്വിന്‍

By Web TeamFirst Published Feb 23, 2021, 10:32 AM IST
Highlights

76 ടെസ്റ്റിൽ അശ്വിൻ 394 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് കൂടി നേടിയാൽ അശ്വിന് 400 വിക്കറ്റ് ക്ലബിലെത്താം. 

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഇറങ്ങുക 400 വിക്കറ്റ് ക്ലബിലെത്തുക എന്ന ലക്ഷ്യത്തോടെ. 76 ടെസ്റ്റിൽ അശ്വിൻ 394 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് കൂടി നേടിയാൽ അശ്വിന് 400 വിക്കറ്റ് ക്ലബിലെത്താം. 

മൊട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ തിളങ്ങിയാല്‍ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം അശ്വിന് സ്വന്തമാവും. 72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യാ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. നിലവില്‍ രണ്ടാം സ്ഥാനം ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിക്കും ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയ്‌നുമാണ്. 

ടെസ്റ്റില്‍ 400 വിക്കറ്റ് തികയ്‌ക്കുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം സ്‌പിന്നറാകാന്‍ കൂടിയാണ് അശ്വിന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും മാത്രമേ ഈ നേട്ടത്തില്‍ മുമ്പ് എത്തിയിട്ടുള്ളൂ. ഇന്ത്യന്‍ ഇതിഹാസം അനിൽ കുംബ്ലെയ്‌ക്ക് 400 വിക്കറ്റ് സ്വന്തമാക്കാന്‍ 85 മത്സരങ്ങള്‍ വേണ്ടിവന്നു. 

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നാളെ തുടക്കമാകും. പിങ്ക് പന്തില്‍ രാത്രിയും പകലുമായാണ് മത്സരം. ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കുന്നതിനും ഇരുടീമിനും നിർണായകമാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പത്തിനൊപ്പമാണ് ടീമുകള്‍. 

നാളെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ ഇറങ്ങുന്നത് കരിയറിലെ നൂറാം ടെസ്റ്റിനാണ്. നൂറാം ടെസ്റ്റിനിറങ്ങുമ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തും ഇശാന്ത്. 99 ടെസ്റ്റിൽ 302 വിക്കറ്റാണ് ഇശാന്തിന്റെ സമ്പാദ്യം. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഡാനിയേല്‍ ലോറന്‍സിന്‍റെ വിക്കറ്റ് വീഴ്‌ത്തിയാണ് ഇശാന്ത് 300 വിക്കറ്റ് പൂര്‍ത്തിയായത്. 

പിങ്ക് പന്തില്‍ ചരിത്രത്തിലേക്ക് പന്തെറിയാന്‍ ഇശാന്ത്; കാത്തിരിക്കുന്നത് എലൈറ്റ് ക്ലബിലിടം

click me!