ബിസിസിഐ അണ്ടര്‍ 19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഹരിയാനയോട് ആറ് വിക്കറ്റിന് തോറ്റ മത്സരത്തില്‍ ബാറ്റിംഗ് നിരയുടെ തകര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. 

മുംബൈ: ബിസിസിഐ അണ്ടര്‍ 19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഹരിയാന ആറ് വിക്കറ്റിനാണ് കേരളത്തെ തോല്പിച്ചത്. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.1 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 22 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് നിരയുടെ തകര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് അക്കൗണ്ട് തുറക്കും മുന്‍പെ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ആര്യനന്ദ പൂജ്യവും ശ്രേയ പി സിജു ഒരു റണ്ണും നേടി മടങ്ങി. ശ്രദ്ധ സുമേഷ് എട്ട് റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ 19 റണ്‍സെടുത്ത മനസ്വിയും 12 റണ്‍സെടുത്ത നിഥുനയും 36 റണ്‍സെടുത്ത അഷിമ ആന്റണിയും മാത്രമാണ് രണ്ടക്കം കടന്നത്. 49ആം ഓവറില്‍ 114 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. ഹരിയാനയ്ക്ക് വേണ്ടി ഇഷാന ഗദ്ധയും ഗൗരിക യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് 16 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റനും ഓപ്പണറുമായ തനിഷ്‌ക ശര്‍മ്മയുടെ ഇന്നിങ്‌സ് തുണയായി. തനിഷ്‌ക 51 പന്തുകളില്‍ 55 റണ്‍സെടുത്തു. 25 റണ്‍സുമായി വന്‍ഷിക റാവത്തും 11 റണ്‍സുമായി ദീപിക കുമാരിയും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി വി ജെ ശീതള്‍ നാല് വിക്കറ്റ് വീഴ്ത്തി.

YouTube video player