'ഞാനായിരുന്നെങ്കിൽ കോലിയെ ഇന്ത്യൻ ക്യാപ്റ്റനാക്കും, ഗില്ലിനെ വൈസ് ക്യാപ്റ്റനും', തുറന്നു പറഞ്ഞ് മൈക്കൽ വോൺ

Published : May 12, 2025, 10:32 AM ISTUpdated : May 12, 2025, 10:35 AM IST
'ഞാനായിരുന്നെങ്കിൽ കോലിയെ ഇന്ത്യൻ ക്യാപ്റ്റനാക്കും, ഗില്ലിനെ വൈസ് ക്യാപ്റ്റനും', തുറന്നു പറഞ്ഞ് മൈക്കൽ വോൺ

Synopsis

വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റാനാവാന്‍ ആദ്യം സന്നദ്ധത അറിയിച്ചുവെന്നും എന്നാല്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന നിര്‍ദേശത്തെ കോച്ച് ഗൗതം ഗംഭീര്‍ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലണ്ടൻ: അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിരാട് കോലിയെ നായകനാക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോൺ. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് വോണിന്‍റെ പ്രതികരണം.

ഞാനായിരുന്നു ഇന്ത്യയുടെ സ്ഥാനത്തെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയെ ക്യാപ്റ്റനാക്കും. ശുഭ്മാന്‍ ഗില്ലിനെ പരമ്പരയിലല്‍ വൈസ് ക്യാപ്റ്റനുമാക്കും എന്നായിരുന്നു മൈക്കല്‍ വോണിന്‍റെ എക്സ് പോസ്റ്റ്. വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റാനാവാന്‍ ആദ്യം സന്നദ്ധത അറിയിച്ചുവെന്നും എന്നാല്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന നിര്‍ദേശത്തെ കോച്ച് ഗൗതം ഗംഭീര്‍ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് ബിസിസിഐയെ സമീപിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നത്. ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ ഐപിഎല്ലിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തില്‍ കോലി കൂടി വിരമിക്കുന്നത് ടീമിനെ ദുര്‍ബലമാക്കുമെന്നും അതുകൊണ്ട് ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കണമെന്നും ബിസിസിഐ കോലിയോട് നിര്‍ദേശിച്ചെങ്കിലും ഇക്കാര്യത്തില്‍ കോലി ഇതുവരെ ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഇംഗ്ലണ്ടിലെ സീമിംഗ് സാഹചര്യങ്ങളില്‍ വിരാട് കോലിക്ക് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഇംഗ്ലണ്ടില്‍ കളിച്ച 17 ടെസ്റ്റുകളിലെ 33 ഇന്നിംഗ്സുകളില്‍ നിന്നായി 1096 റൺസ് മാത്രമാണ് വിരാട് കോലി നേടിയത്. രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളുമാണ് ഇംഗ്ലണ്ടില്‍ കോലിയുടെ പേരിലുള്ളത്. ബാറ്റിംഗ് ശരാശരിയാകട്ടെ 33.21 മാത്രമാണ്. 

2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 59.30 ശരാശരിയില്‍ 583 റണ്‍സടിച്ച വിരാട് കോലി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014ല്‍ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തല്‍ തുടര്‍ച്ചയായി ജെയിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ വീണ കോലിക്ക് 10 ഇന്നിംഗ്സുകളില്‍ നിന്ന് 134 റണ്‍സ് മാത്രമാണ് നേടാനായത്. 39 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ജൂൺ 20നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. പരമ്പരക്കുള്ള ടീമിനെ മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീം നടത്തുന്ന പരമ്പരക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര