
ഷാര്‍ജ: ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഓസ്‌ട്രേലിയയെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. ഓസ്ട്രേലിയ ലോകകപ്പുയര്‍ത്താന്‍ തക്ക കരുത്തരാണ്. അവര്‍ നന്നായി കളിക്കുന്നു. ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്ക് അവരുടെ ഫോം വെല്ലുവിളിയായിരിക്കുമെന്നും ആര്‍തര്‍ പറഞ്ഞു.
വാര്‍ണറും സ്‌മിത്തും ടീമില്‍ തിരിച്ചെത്തുകയും സ്റ്റാര്‍ക്കും കമ്മിന്‍സും ചേരുകയും ചെയ്താല്‍ ഓസ്‌ട്രേലിയ അതിശക്തമായ ടീമാണെന്നും പാക്കിസ്ഥാന്‍ പരിശീലകന്‍ പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സ്‌മിത്തും വാര്‍ണറും.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര 5-0ന് കൈവിട്ടതിന് പിന്നാലെയാണ് മിക്കി ആര്‍തര്‍ മനസുതുറന്നത്. അവസാന ഏകദിനത്തില്‍ 20 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഏഷ്യന്‍ ടീമുകള്‍ക്കെതിരെ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഓസ്ട്രേലിയ.