
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തുണച്ച് മന്ത്രി വി.ശിവൻകുട്ടി. ഏകദിന, ടി20 പരമ്പരകളിൽ വിമർശകർക്ക് വിരാട് കോലി മറുപടി നൽകുമെന്നും കോലി മുന്നിൽ നിന്ന് നയിക്കുമെന്നും ശിവൻകുട്ടി ട്വീറ്റ് ചെയ്തു.
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിൽ ജോണി ബെയര്‍സ്റ്റോയെ പ്രകോപിപ്പിക്കുന്ന കോലിയുടെ ചിത്രവും മത്സരശേഷം ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ പതിവില്‍ നിന്ന് വ്യത്യസ്തനായി പതുക്കെ തുടങ്ങിയ ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ വിരാട് കോലി പ്രകോപിപ്പിച്ചിരുന്നു. പിന്നീട് സെഞ്ചുറിയുമായാണ് ബെയര്‍സ്റ്റോ ഇതിന് മറുപടി നല്‍കിയത്.
ഇനി അടിയുടെ പൂരം! ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 നാളെ; സഞ്ജു ടീമിലെത്തുമോ? സാധ്യതാ ഇലവന്‍
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫോമിലല്ലാത്ത വിരാട് കോലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ചുറിപോലും നേടാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 11 റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ 20 റണ്‍സടിച്ച് മികച്ച തുടക്കമിട്ടെങ്കിലും ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ പുറത്തായി.
2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് വിരാട് കോലി അവസാനമായി രാജ്യാന്തര സെഞ്ചുറി നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും ശിവന്‍കുട്ടി അഭിനന്ദിച്ചിരുന്നു.