
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ാേസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് ജയം. മൗണ്ട് മൗഗനുയി, ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 66 പന്തില്‍ 106 റണ്‍സുമായി പുറത്താവാതെ നിന്ന ടിം റോബിന്‍സണാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 16.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 43 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന് വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മാര്‍ഷ് - ട്രാവിസ് ഹെഡ് സഖ്യം 67 റണ്‍സ് ചേര്‍ത്തു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹെഡ് (18 പന്തില്‍ 31) പോരാട്ടം പിന്നീടെത്തിയ താരങ്ങള്‍ ഏറ്റെടുത്തു. മാറ്റ് ഹെന്റിയുടെ പന്തില്‍ മാര്‍ക്ക് ചാപ്മാന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. മൂന്നാമനായി ക്രീസിലെത്തിയ മാത്യു ഷോര്‍ട്ട് (18 പന്തില്‍ 29) മാര്‍ഷിനൊപ്പം 68 റണ്‍സും കൂട്ടിചേര്‍ത്ത് വിജയം ഉറപ്പാക്കി. 12-ാം ഓവറില്‍ ഷോര്‍ട്ട് മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
വൈകാതെ മാര്‍ഷും പവലിയനില്‍ മടങ്ങിയെത്തി. ഹെന്റിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് വന്ന അലക്‌സ് ക്യാരി (7) നിരാശപ്പെടുത്തിയെങ്കിലും മാര്‍കസ് സ്റ്റോയിനിസിനെ (4) കൂട്ടുപിടിച്ച് ടിം ഡേവിഡ് (12 പന്തില്‍ 21) ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഹെന്റി കിവീസിന് വേണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. 1.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആറ് എന്ന നില നിലയിലായിരുന്നു കിവീസ്. ടീം സീഫെര്‍ട്ട് (4), ഡെവോണ്‍ കോണ്‍വെ (1), മാര്‍ക് ചാപ്മാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് റോബിന്‍സണ്‍ നടത്തിയ പോരാട്ടമാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഡാരില്‍ മിച്ചലിനൊപ്പം 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി റോബിന്‍സണ്‍. മിച്ചല്‍ 11-ാം ഓവറില്‍ മടങ്ങി. തുടര്‍ന്ന് വന്ന ഡേവോണ്‍ ജേക്കബിനൊപ്പം (20) റോബിന്‍സണ്‍ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 64 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു. ജേക്കബ്‌സ് 19-ാം ഓവറില്‍ റണ്ണൗട്ടായി. തുടര്‍ന്ന് ക്രീസിലെത്തിയ മൈക്കല്‍ ബ്രേസ്‌വെല്ലും (7) റണ്ണൗട്ടാവുകയിരുന്നു. സക്കാറി ഫൗള്‍ക്‌സ് (0), റോബിന്‍സണൊപ്പം പുറത്താവാതെ നിന്നു. 66 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ആറ് ഫോറും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!