സിംബാബ്‌വെ-ദക്ഷിണാഫ്രിക്കന്‍ പര്യടനം യുവതാരങ്ങള്‍ക്ക് മികച്ച അവസരമെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ്

Published : Sep 14, 2026, 03:34 PM IST
Mitchell Marsh

Synopsis

ഈ സാഹചര്യങ്ങളിലെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം ടീമിന് ഭാവിയിൽ ഗുണം ചെയ്യുമെന്നും 2023 ലോകകപ്പിന് ശേഷമുള്ള സമ്മിശ്ര പ്രകടനങ്ങൾക്ക് കാരണം കടുത്ത സാഹചര്യങ്ങളും പരിചയസമ്പത്തില്ലാത്ത ടീമുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരാരെ: ഏകദിന ലോകകപ്പിന് മുമ്പ് നടക്കുന്ന സിംബാബ്‌വെ - ദക്ഷിണാഫ്രിക്കന്‍ പര്യടനം ഓസ്‌ട്രേലിയന്‍ ടീമിന് ഗുണം ചെയ്യുമെന്ന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. സിംബാബ്വെയില്‍ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം, തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ മൂന്ന് വീതം ഏകദിനങ്ങളിലും ടെസ്റ്റുകളിലും കളിക്കും. മുമ്പ് ഈ സാഹചര്യങ്ങളില്‍ കളിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് ഇവിടുത്തെ അനുഭവം ഒരുപാട് ഗുണം ചെയ്യുമെന്ന് മാര്‍ഷ് വ്യക്തമാക്കി.

പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന മാര്‍ഷിന്റെ വാക്കുകള്‍... ''യുവതാരങ്ങളില്‍ എത്രപേര്‍ സിംബാബ്വെയിലും ദക്ഷിണാഫ്രിക്കയിലും കൂടുതല്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളുമായി ഏറെ സാമ്യമുള്ളതാണ് അവിടുത്തെ അവസ്ഥയെന്നത് നല്ലൊരു കാര്യമാണ്. എങ്കിലും അവിടെ കുറച്ചുകൂടി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാം. തീര്‍ച്ചയായും ദക്ഷിണാഫ്രിക്കയ്ക്ക് ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത് ഏറെ ഇഷ്ടമാണ്, അവരെ നേരിടുന്നതും ഞങ്ങള്‍ ആസ്വദിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു വലിയ വെല്ലുവിളിയായിരിക്കും.'' അദ്ദേഹം പറഞ്ഞു.

2023 ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏകദിന പ്രകടനങ്ങള്‍ സമ്മിശ്രമായിരുന്നു. എന്നാല്‍ കിരീടനേട്ടത്തിന് ശേഷം അവര്‍ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെയായിരുന്നില്ല പലപ്പോഴും കളത്തിലിറക്കിയിരുന്നത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും നടന്ന പരമ്പരകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം സ്വന്തം നാട്ടില്‍ ഇന്ത്യയെ 2-1ന് അവര്‍ പരാജയപ്പെടുത്തിയിരുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും കടുത്ത സാഹചര്യങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് മാര്‍ഷ് അഭിപ്രായപ്പെട്ടു.

പരിചയസമ്പത്തില്ലാത്ത യുവനിരയാണ് ആ പര്യടനം നടത്തിയതെന്നാണ് മാര്‍ഷിന്റെ വാദം. ''പാകിസ്ഥാന്‍, ബംഗ്ലാദേശ് പരമ്പരകള്‍ നോക്കൂ; യുവനിരയെ സംബന്ധിച്ചിടത്തോളം അവിടുത്തെ സാഹചര്യങ്ങള്‍ വളരെ കടുപ്പമേറിയതായിരുന്നു, എന്നാല്‍ ആ അനുഭവങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഏറ്റവും മികച്ച ടീമുമായി ചെന്നാല്‍ പോലും അവിടങ്ങളില്‍ വിജയിക്കുക പ്രയാസമാണ്. അതിനാല്‍ ഞങ്ങളുടെ യുവനിരയ്ക്ക് ഇതൊരു മികച്ച വളര്‍ച്ചയ്ക്കുള്ള അവസരമായാണ് ഞാന്‍ കണ്ടത്.'' മാര്‍ഷ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കനത്ത പിഴ ചുമത്തി ഐസിസി, 11 പോയിന്റും വെട്ടികുറച്ചു; വിനയായത് സ്ലോ ഓവര്‍ റേറ്റ്
'ഹര്‍മന്‍പ്രീതുമായി ഹസ്തദാനം ചെയ്യാതിരുന്നത് നിഗര്‍ സുല്‍ത്താനയുടെ സ്വന്തം തീരുമാനം'; വ്യക്തത വരുത്തി ബിസിബി