ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിൽ വിരാട് കോലിയുടെ തകർപ്പൻ ക്യാച്ചും വില്ലേന്തിയുള്ള ആഘോഷവും വൈറലാകുന്നു. മത്സരത്തിൽ ഇന്ത്യൻ പേസർമാരുടെ മികവിൽ ന്യൂസിലൻഡ് 185 റൺസിന് പുറത്തായി. അർഷ്ദീപ് സിംഗ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന പോരാട്ടത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം. ഓക്ക്ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഗംഭീരമായ ക്യാച്ച് കോലി പൂര്‍ത്തിയാക്കി. അതിന് ശേഷമുള്ള ആഘോഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വില്ലേന്തി അമ്പെയ്യുന്ന ശൈലിയിലുള്ള കോലിയുടെ ആഘോഷമാണ് മൈതാനത്ത് ശ്രദ്ധേയമായത്. ദീപാവലി ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കൂടുതല്‍ മാറ്റ് കൂട്ടുന്നതായി കോലിയുടെ ഈ പുതിയ ആഘോഷശൈലി.
അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ ന്യൂസിലന്‍ഡ് താരം നഥാന്‍ സ്മിത്തിന്റെ ബാറ്റിന്റെ ഔട്ട്സൈഡ് എഡ്ജ് എടുത്ത പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കോലി വലതുവശത്തേക്ക് ഡൈവ് ചെയ്ത് പന്ത് കയ്യിലൊതുക്കുകയായിരുന്നു. വിക്കറ്റ് വീണ നേടിയ സന്തോഷത്തില്‍ ഓടിയെത്തിയ കോലി, വില്ലില്‍ അമ്പ് തൊടുക്കുന്നത് പോലെ ചെയ്താണ് ആഘോഷിച്ചത്. വീഡിയോ കാണാം..
മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് 40.2 ഓവറില്‍ 185ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും അന്‍ഷൂല്‍ കാംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 38 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അവസാനക്കാരനായി ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് നേടിയ ബ്ലെയര്‍ ടിക്‌നറാണ് മാന്യമായ സ്‌കോര്‍ ആതിഥേയര്‍ക്ക് സമ്മാനിച്ചത്.
മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. 40 റണ്‍സിനിടെ വില്‍ യംഗ് (9), ഹെന്റി നിക്കോള്‍സ് (9) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇരുവരേയും അര്‍ഷ്ദീപ് സിംഗാണ് മടക്കിയത്. തുടര്‍ന്ന് ടിം സീഫെര്‍ട്ട് - ഡാരില്‍ മിച്ചല്‍ (28) സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയാകുമെന്നിരിക്കെയാണ് ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. സീഫെര്‍ട്ട് പുറത്ത്. ടോം ലാഥം (3) ബ്രാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കുകയും ഡാരില്‍ മിച്ചല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ന്യൂസിലന്‍ഡ് അഞ്ചിന് 97 എന്ന നിലയിലായി.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (4), നതാന്‍ സ്മിത്ത് (1), കെയ്ല്‍ ജാമിസണ്‍ (1) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ എട്ടിന് 131 എന്ന നിലയിലേക്ക് കൂപ്പുകുത്തി ആതിഥേയര്‍. ഗ്ലെന്‍ ഫിലിപ്‌സിന്റെ പോരാട്ടവും (30) ഫലം കണ്ടില്ല. പിന്നീട് അവസാന വിക്കറ്റില്‍ ജേക്കബ് ഡഫി (പുറത്താവാതെ 15) - ടിക്‌നര്‍ സഖ്യം കൂട്ടിചേര്‍ത്ത 39 റണ്‍സാണ് ന്യൂസിലന്‍ഡിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.





