മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെതിരായ മത്സരത്തിൽ ആലപ്പി റിപ്പിൾസിന് തകർപ്പൻ ജയം. ഈ വിജയത്തോടെ ആലപ്പി കെസിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
തിരുവനന്തപുരം: മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ കാലിക്കറ്റ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിള്‍സ്. ഇതോടെ ആലപ്പി പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയുമായി ടീമിന് വിജയമൊരുക്കിയ അസറുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്: 20 ഓവറില്‍ 213/5 ആലപ്പി റിപ്പിള്‍സ്: 19.3 ഓവറില്‍ 215/4
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും വരുണ്‍ നായനാരും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഭിജിത്ത് പ്രവീണിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ വരുണ്‍, മറുവശത്ത് ക്യാപ്റ്റന്‍ രോഹന്റെ വെടിക്കെട്ടിന് മികച്ച പിന്തുണ നല്‍കി. അഖില്‍ ദേവിനെ സിക്‌സര്‍ പറത്തി കളംനിറഞ്ഞ വരുണിന്റെ ബാറ്റിംഗ് മികവില്‍ വെറും ഒമ്പത് ഓവറില്‍ കാലിക്കറ്റ് സ്‌കോര്‍ നൂറ് കടന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 പന്തില്‍ 96 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 28 പന്തില്‍ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി തികച്ച വരുണ്‍, 36 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. രോഹന്‍ കുന്നുമ്മല്‍ 42 റണ്‍സെടുത്തു.
വരുണ്‍ നല്‍കിയ മികച്ച അടിത്തറയില്‍ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖില്‍ സ്‌കറിയയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ആലപ്പി ബൗളര്‍മാരെ കടന്നാക്രമിച്ച അഖില്‍ അക്ഷരാര്‍ത്ഥത്തില്‍ കളംനിറഞ്ഞു കളിച്ചു. സിബിന്‍ ഗിരീഷും അഖില്‍ ദേവും അഖിലിന്റെ ബാറ്റിംഗിന്റെ ചൂടറിഞ്ഞു. ഇന്നിംഗ്‌സിലെ അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് താരം അടിച്ചെടുത്തത്. വെറും 38 പന്തില്‍ നിന്ന് നാല് കൂറ്റന്‍ സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റണ്‍സെടുത്ത അഖിലിന്റെ തകര്‍പ്പന്‍ ഫിനിഷിംഗാണ് കാലിക്കറ്റിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തില്‍ തന്നെ ആകാശ് പിള്ളയുടെ (1) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും (19) അധികം പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും അക്ഷയ് ടി.കെ.യും ചേര്‍ന്നാണ് കളിയുടെ ഗതി മാറ്റിയത്. 49 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 43 റണ്‍സെടുത്ത അക്ഷയിനെ പുറത്താക്കി ഹരികൃഷ്ണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയ കെ.എ. അരുണും അസ്ഹറുദ്ദീന് മികച്ച പിന്തുണയായി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 30 പന്തുകളില്‍ നിന്ന് 67 റണ്‍സായിരുന്നു ആലപ്പിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ അസറും അരുണും ചേര്‍ന്ന് ആഞ്ഞടിച്ചതോടെ റിപ്പിള്‍സ് വിജയവഴിയിലേക്ക് നീങ്ങി. വിജയത്തിന് 22 റണ്‍സ് അകലെ 14 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത അരുണ്‍ പുറത്തായി. തുടര്‍ന്നെത്തിയ സിബിന്‍ ഗിരീഷിനെ വെറും കാഴ്ചക്കാരനാക്കി മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ അസര്‍ ടീമിനെ വിജയത്തിലെത്തിച്ചു. 60 പന്തുകളില്‍ അഞ്ച് ഫോറും പത്ത് സിക്‌സുമടക്കം 112 റണ്‍സുമായി അസര്‍ പുറത്താകാതെ നിന്നു. ഈ സീസണില്‍ അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ച്വറിയാണിത്. ഇതോടെ ഒരു കെസിഎല്‍ സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായും അസ്ഹറുദ്ദീന്‍ മാറി. ആദ്യ സീസണില്‍ സച്ചിന്‍ ബേബിയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. കെസിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന മറ്റൊരു നേട്ടം കൂടി മത്സരത്തിനിടെ അസറിനെ തേടിയെത്തി. കാലിക്കറ്റിനു വേണ്ടി ഹരികൃഷ്ണന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

