
ദില്ലി: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) പലപ്പോഴായി ഇന്ത്യന്‍ താരം വിരാട് കോലിയുമായി (Virat Kohli) താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പലര്‍ക്കും വിവിധ അഭിപ്രായമാണ്. ഒരു താരതമ്യത്തിന് ആയിട്ടില്ലെന്ന് പറയും. മറ്റു ചിലര്‍ കോലി ഒരുപിടി മുന്നിലാണെന്ന അഭിപ്രായം പറയും. എന്നാല്‍ ചില ഫോര്‍മാറ്റിലെങ്കിലും കോലിയേക്കാള്‍ മികച്ചവനാണെന്നുള്ള അഭിപ്രായം പ്രകടിപ്പിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കും (Mohammed Shami) അഭിപ്രായമുണ്ട്.
ഇരുവരേയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമൊ്ന്നുമില്ലെന്നാണ് ഷമിയുടെ അഭിപ്രായം. ഷമി വിവരിക്കുന്നതിങ്ങനെ... ''അസം ലോകോത്തര താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കോലി, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അസമിനെ ഇനിയും ഒരുപാട് നാള്‍ കളിക്കാന്‍ അനുവദിക്കൂ.
നിലവിലെ പ്രകടനം കരിയറില്‍ എത്ര നാള്‍ അവന് തുടരാനാവുമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നിട്ട് അസമിന്റെ കാര്യത്തില്‍ എന്തെങ്കിലും പറയാം. അസം മികച്ച ഫോം തുടര്‍ന്നാല്‍ പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച താരമാവും അദ്ദേഹം. ഈ അവസരത്തില്‍ ആശംസ പറയാന്‍ മാത്രമാണ് കഴിയുക. ഈ ്അടുത്ത കാലത്ത് മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ പുറത്തെടുക്കുന്നത്. മൂന്നോ നാലോ താരങ്ങളുടെ പ്രകടനങ്ങള്‍ പാകിസ്ഥാന് അനുകൂലമായ സ്വാധീനം ചെലുത്തുന്നു.'' ഷമി പറഞ്ഞു.
അസം അടുത്തകാലത്ത് മികച്ച് പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അസമിനാവുന്നില്ല. ഒരു ഇരട്ട സെഞ്ചുറി പോലും അസമിന്റെ അക്കൗണ്ടിലില്ല. ആ സ്ഥാനത്ത് കോലി ഏഴ് ഇരട്ട സെഞ്ചുറികള്‍ കണ്ടെത്തി. 37 ടെസ്റ്റില്‍ നിന്ന് 43.18 ശരാശരിയില്‍ 2461 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. വിരാട് കോലി 99 ടെസ്റ്റില്‍ നിന്ന് 50.39 ശരാശരിയില്‍ 7962 റണ്‍സും നേടി.
ഇന്ത്യയുടെ നായകപദവിയില്‍ നിന്നൊഴിഞ്ഞ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. സമ്മര്‍ദ്ദമില്ലാതെ കോലിക്ക് കളിക്കാനാവുമെന്നും ആരാധര്‍ പ്രതീക്ഷിക്കുന്നു.