ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി സിറാജ്; ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയുടെ ആധിപത്യം

Published : Aug 06, 2025, 04:22 PM IST
Mohammed Siraj

Synopsis

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ മുഹമ്മദ് സിറാജ് 15-ാം സ്ഥാനത്തേക്ക് കുതിച്ചു. 

ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് ആദ്യ പതിനെഞ്ചിലെത്തിയത്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജ് ഒരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും സിറാജായിരുന്നു.

ഒന്നാം റാങ്കിലുള്ള ജസ്പ്രിത് ബുമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു. രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ രവീന്ദ്ര ജഡേജ 17-ാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ന്യൂസിലനന്‍ഡിന്റെ മാറ്റ് ഹെന്റി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതെത്തി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് അഞ്ചാമത്.

നൂമാന്‍ അലി (പാകിസ്ഥാന്‍), സ്‌കോട്ട് ബോളണ്ട് (ഓസ്‌ട്രേലിയ), നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ), മാര്‍കോ ജാന്‍സന്‍ (ദക്ഷിണാഫ്രിക്ക), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ഗുസ് അറ്റ്കിന്‍സണ്‍ (ഇംഗ്ലണ്ട്) എന്നിവര്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഒന്നാം സ്ഥാനം നിലനില്‍ത്തി. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജഡേജ 516 റണ്‍സും അടിച്ചെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് മൂന്നാം സ്ഥാനത്താണ്.

ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്‌സ്വാള്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയാണ് ജയ്‌സ്വാളിനെ മുന്നോട്ട് കയറാന്‍ സഹായിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 14 ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 118 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ലോര്‍ഡ്സിലും മാഞ്ചസ്റ്ററിലും മോശം പ്രകടനത്തെത്തുടര്‍ന്ന് ജയ്സ്വാള്‍ നേരത്തെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് (10 ഇന്നിംഗ്സുകള്‍) 41.10 ശരാശരിയില്‍ 411 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ട് സെഞ്ച്വറിയും അത്രയും തന്നെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. എന്നാല്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന് തിരിച്ചടി നേരിട്ടു. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാല് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ 13-ാം സ്ഥാനത്താണ് ഗില്‍. ഓവല്‍ ടെസ്റ്റിലെ മോശം പ്രകടനമാണ് ഗില്ലിനെ ആദ്യ പന്തില്‍ നിന്ന് പുറത്താക്കിയത്. രണ്ട് ഇന്നിംഗ്സുകളിലായി യഥാക്രമം 21, 11 എന്നിങ്ങനെയായിുന്നു ഗില്ലിന്റെ സ്‌കോറുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം, പേസർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ലങ്കക്ക് ഇരട്ടപ്രഹരമേല്‍പിച്ച ആദ്യ ഓവറില്‍ ഞെട്ടിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്, തലകുനിച്ച് ജസ്പ്രീത് ബുംറ