കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ നിര്‍ണായകമാകുമെന്ന് പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരെ 2-2 സമനിലയോടെയാണ് ഇന്ത്യ ഇത്തവണ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ 2-0 ന് ഹോം പരമ്പര വിജയിച്ചു. ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 61.5 ശതമാനവുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും പിന്നില്‍.
ഇന്ത്യ രണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ ഫൈനലിന് യോഗ്യത നേടാനും ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് പാകിസ്ഥാനില്‍ 1-1 സമനില നേടിയാണ് അവര്‍ വരുന്നത്. ഇന്ത്യന്‍ ടീമിന്റെ ഫോമില്‍ ആത്മവിശ്വാസമുണ്ടെന്നും ടീമിന് ചുറ്റും ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും സിറാജ് പറഞ്ഞു.
സിറാജിന്റെ വാക്കുകള്‍... ''ഈ പരമ്പരയിലെ ഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോട്ടുപോക്കില്‍ നിര്‍ണായകമായിരിക്കും. പ്രത്യേകിച്ചും ദക്ഷിണാഫ്രിക്ക നിലവിലെ ചാമ്പ്യന്‍മാരാണെന്നിരിക്കെ. അവര്‍ പാകിസ്ഥാനുമായി 1-1 ന് സമനില നേടിയെങ്കിലും, ഞങ്ങളുടെ ഫോമില്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമുണ്ട്. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയിച്ചു. '' സിറാജ് പറഞ്ഞു.
സ്വന്തം ഫോമിനെ കുറിച്ചും സിറാജ് സംസാരിച്ചു... ''വ്യക്തിപരമായി, ഞാന്‍ നല്ല താളത്തിലാണ് പന്തെറിയുന്നത്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ശക്തമായ ടീമുകളെ നേരിടുമ്പോഴാണ് മെച്ചപ്പെടുത്തേണ്ട മേഖലകളെ കുറിച്ച് നമ്മള്‍ തിരിച്ചറിയുക.'' സിറാജ് കൂട്ടിചേര്‍ത്തു.
സീസണില്‍ മികച്ച ഫോമിലാണ് സിറാജ്. പ്രത്യേകിച്ച് ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ആക്രമണത്തിന് നേതൃത്വം നല്‍കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്, 26.54 ശരാശരിയോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. നവംബര്‍ 14ന് കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!