
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന് യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ അമ്മയുടെ ഫോൺ കോൾ വരികയും, പ്രസ് കോൺഫറൻസ് അൽപനേരം നിർത്തിവെച്ച് നിതീഷ് ഫോൺ അറ്റൻഡ് ചെയ്യുകയുമായിരുന്നു.
ധരംശാലയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റിന്‍റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു സംഭവം. ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചുകൊണ്ടിരിക്കെയാണ് നിതീഷിന്‍റെ ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിൽ അമ്മയുടെ പേര് കണ്ടയുടൻ കോൾ കട്ട് ചെയ്യാതെ ഫോൺ എടുത്ത താരം, "അമ്മേ, ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം" എന്ന് പറയുകയായിരുന്നു. തൊട്ടുപിന്നാലെ തടസമുണ്ടായതിൽ മാധ്യമപ്രവർത്തകരോട് താരം വിനയപൂർവ്വം ക്ഷമ ചോദിക്കുകയും ചെയ്തു. നിതീഷിന്‍റെ പ്രതികരണം പ്രസ് റൂമിൽ വലിയ ചിരിക്ക് വഴിവെച്ചു.
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയ തകർപ്പൻ പ്രകടനത്തോടെയാണ് നിതീഷ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. മത്സരത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കിലും പന്തുകൊണ്ട് നിതീഷ് നിർണ്ണായക സംഭാവന നൽകിയിരുന്നു. സെഞ്ച്വറി നേടി ഇന്ത്യക്ക് ഭീഷണിയായ റഹ്മാനുള്ള ഗുർബാസ്, വെറ്ററൻ താരം മുഹമ്മദ് നബി എന്നിവരുടെ നിർണ്ണായക വിക്കറ്റുകൾ ഉൾപ്പെടെ 4 ഓവറിൽ 31 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നിതീഷ് വീഴ്ത്തി.
Priorities, no matter your age or occupation 😂💗 pic.twitter.com/mBWkO6Sq8n
— Rajasthan Royals (@rajasthanroyals) June 13, 2026
മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. റഹ്മാനുള്ള ഗുർബാസിന്റെ സെഞ്ച്വറി (121) പ്രകടനത്തിന്റെ കരുത്തിൽ അഫ്ഗാനിസ്ഥാൻ 24.5 ഓവറിൽ 194 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച യുവതാരങ്ങളായ ഗുർനൂർ ബ്രാർ (3/27), ഹർഷ് ദുബെ (3/47) എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്ങും നിതീഷ് റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ്മയെ (16) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെ (84*) തകർപ്പൻ ബാറ്റിങ് ഇന്ത്യക്ക് ജയം എളുപ്പമാക്കി. ഇഷാൻ കിഷൻ (34), കെ.എൽ രാഹുൽ (39*) എന്നിവരും മികച്ച പിന്തുണ നൽകിയതോടെ 22.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഗിൽ ആണ് മാൻ ഓഫ് ദി മാച്ച്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!