ഇംഗ്ലണ്ടിനെ ഇന്ത്യ തൂത്തുവാരിയാലും അത്ഭുതപ്പെടാനില്ലെന്ന് മോണ്ടി പനേസര്‍

By Web TeamFirst Published May 22, 2021, 4:50 PM IST
Highlights

നിലവിലെ ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിനെ 5-0ന് തൂത്തുവാരാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് അലിസ്റ്റര്‍ കുക്ക് വിരമിച്ചതോടെ ഇംഗ്ലണ്ട് മുന്‍നിരയില്‍ ജോ റൂട്ടൊഴികെ സ്ഥിരതയുള്ള ബാറ്റ്സ്മാന്‍മാരുടെ അസാന്നിധ്യമുണ്ട്.

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 5-0ന് ജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പനേസര്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് നാലു മുതല്‍ ട്രെന്‍റ്ബ്രിഡ്ജിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഓഗസ്റ്റ് മാസത്തില്‍ ഇംഗ്ലണ്ടിലെ ചൂടേറിയ കാലവസ്ഥയില്‍ മത്സരങ്ങള്‍ നടക്കുന്നത് ഇന്ത്യന്‍ സ്പിന്നര്‍മാരെ സഹായിക്കുമെന്നും അന്തിമ ഇലവനില്‍ ഇന്ത്യക്ക് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനാവുമെന്നും പനേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെ തൂത്തുവാരി പരമ്പര നേടുകയാണെങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായ വിദേശ പരമ്പര നേട്ടമാകുമെന്നും പനേസര്‍ വ്യക്തമാക്കി.

നിലവിലെ ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിനെ 5-0ന് തൂത്തുവാരാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് അലിസ്റ്റര്‍ കുക്ക് വിരമിച്ചതോടെ ഇംഗ്ലണ്ട് മുന്‍നിരയില്‍ ജോ റൂട്ടൊഴികെ സ്ഥിരതയുള്ള ബാറ്റ്സ്മാന്‍മാരുടെ അസാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ പരമ്പര 5-0ന് നേടിയാലും അത്ഭുതപ്പെടേണ്ട-പനേസര്‍ വ്യക്തമാക്കി.

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിലെ വമ്പന്‍ തോല്‍വിക്ക് ശേഷമായിരുന്നു സ്പിന്നര്‍മാരായ അക്സര്‍ പട്ടേലിന്‍റെയും അശ്വിന്‍റെയും ബൗളിംഗ് മികവില്‍ ഇന്ത്യന്‍ ജയം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!