
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നിന്നിട്ടും ഇന്ത്യയിലെ ജനപ്രിയ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലി. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ഫെബ്രുവരിയിലെ ഇന്ത്യയിലെ ജനപ്രിയ കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ആദ്യ പത്ത് സ്ഥാനങ്ങളില്‍ അഞ്ച് പേരും ക്രിക്കറ്റ് താരങ്ങളാണ്. മൂന്ന് ഫുട്ബോള്‍ താരങ്ങളും ഒരു ടെന്നീസ് താരവും ഒരു അത്‌ലറ്റിക്സ് താരവും അടങ്ങുന്നതാണ് പത്തുപേരുടെ പട്ടിക. ഒന്നാം സ്ഥാനം വിരാട് കോലി സുരക്ഷിതമാക്കിയപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് നാലു വര്‍ഷമായിട്ടും എം എസ് ധോണി തന്നെയാണ് രണ്ടാം സ്ഥാനത്ത് എന്നത് ശ്രദ്ധേയമാണ്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും ധോണി കഴിഞ്ഞെ പട്ടികയില്‍ സ്ഥാനമുള്ളു.
മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ജനുവരിയിലും ആദ്യ മൂന്നില്‍ കോലിയും ധോണിയും രോഹിത്തുമായിരുന്നു. എന്നാല്‍ ജനുവരിയില്‍ നാലാം സ്ഥാനത്തായിരുന്ന സച്ചിന്‍ ഫെബ്രുവരിയില്‍ ജനപ്രീതിയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണ് നാലാം സ്ഥാനത്ത് എത്തിയത്. സച്ചിന്‍ അഞ്ചാം സ്ഥാനത്തേക്ക് മാറിയപ്പോള്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ആറാം സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ടെന്നീസ് താരം സാനിയ മിര്‍സ ഒമ്പതാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തെത്തി. ജനുവരിയില്‍ ഏഴാം സ്ഥാനത്തായിരുന്ന ജാവലിന്‍ ത്രോയിലെ ഒളിംപിക് ചാമ്പ്യനായ നീരജ് ചോപ്ര ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ പത്താം സ്ഥാനത്തുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഫെബ്രുവരിയില്‍ ജനപ്രീതിയില്‍ പത്താം സ്ഥാനത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!