ഇരുരാജ്യങ്ങളും തമ്മില്‍ സമീപകാലത്ത് ക്രിക്കറ്റ് ബന്ധത്തിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

ബുലവായോ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സിംബാബ്‌വെയിലെ ബുലവായോ ക്യൂൻസ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. ഇരുരാജ്യങ്ങളും തമ്മില്‍ സമീപകാലത്ത് ക്രിക്കറ്റ് ബന്ധത്തിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം തീര്‍ത്തും വഷളായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം നിര്‍ത്തിവെക്കുകയും അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരവേദി മാറ്റണണെമെന്ന് ഐസിസിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ താരം തമീം ഇക്ബാലിനെ ക്രിക്കറ്റ് ബോർഡ് ഡയറക്ടറായ നസ്മുള്‍ ഇസ്ലാം ഇന്ത്യ ഏജന്‍റെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിക്കാര്‍ ബഹിഷ്കരിച്ചിരുന്നു. നസ്മുള്‍ ഇസ്ലാമിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചെങ്കില്‍ ഡയറക്ടര്‍ മാപ്പുപറയാതെ കളിക്കാനിറങ്ങില്ലെന്ന നിലപാടിലാണ് താരങ്ങള്‍.

ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെയും ബംഗ്ലാദേശിന്‍രെയും കൗമാര താരങ്ങള്‍ ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അമേരിക്കയുടെ കുഞ്ഞൻ സ്കോറിന് മുന്നില്‍ ഒന്ന് വിറച്ചുവെങ്കിലും ഇന്ത്യ ജയിച്ചു കയറിയിരുന്നു. ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം കൂടിയാണിത്. വൈഭവ് സൂര്യവന്‍ഷിയും ക്യാപ്റ്റൻ ആയുഷ് മാത്രെയും നല്‍കുന്ന തുടക്കവും മധ്യനിരയില്‍ അഭിഗ്യാന്‍ കുണ്ഡും വിഹാന്‍ മല്‍ഹോത്രയും വേദാന്ത് ത്രിവേദിയുമെല്ലാം നല്‍കുന്ന സ്ഥിരതയുമാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്. ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ വൈഭവ് 4 പന്തില്‍ 2 റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ വൈഭവില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക