ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയ താരമാര്; പേരുപറഞ്ഞ് പാക് മുന്‍ നായകന്‍; എന്നാലത് ദാദയല്ല

By Web TeamFirst Published Feb 8, 2020, 6:08 PM IST
Highlights

വിരാട് കോലി ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും നിലവിലെ താരങ്ങളില്‍ ഇതിഹാസമാകാന്‍ സാധ്യതയുള്ള ഏകയാള്‍ ഇന്ത്യന്‍ നായകനാണെന്നും മൊയിന്‍ ഖാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയത് എം എസ് ധോണിയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ മൊയിന്‍ ഖാന്‍. ഒരു ടെലിവിഷന്‍ ഷോയ്‌ക്കിടെയാണ് മൊയിന്‍ ധോണിയെ പ്രശംസിച്ചത്. 

'ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മട്ടുംഭാവവും മാറ്റിയതില്‍ ധോണിക്കാണ് ഞാന്‍ ക്രഡിറ്റ് നല്‍കുക. സൗരവ് ഗാംഗുലി തുടക്കമിട്ടത് ധോണി പൂര്‍ത്തിയാക്കി'. അതുകൊണ്ടാണ് ഇന്ത്യ പ്രതിഭാശാലികളായ താരങ്ങളെ വാര്‍ത്തെടുക്കുന്നതും പകരക്കാരുടെ ബഞ്ച് ശക്തമാക്കിയതും എന്ന് മെയിന്‍ ഖാന്‍ പറഞ്ഞു. വിരാട് കോലി ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും നിലവിലെ താരങ്ങളില്‍ ഇതിഹാസമാകാന്‍ സാധ്യതയുള്ള ഏകയാള്‍ ഇന്ത്യന്‍ നായകനാണെന്നും' മൊയിന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

2004ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ അരങ്ങേറിയ ധോണി ഇതിനകം 350 ഏകദിനങ്ങളും 90 ടെസ്റ്റും 98 ടി20യും കളിച്ചു. ഏകദിനത്തില്‍ 10773 ഉം ടെസ്റ്റില്‍ 4876 ഉം ട്വന്‍റി 20യില്‍ 1617 റണ്‍സും ധോണിക്കുണ്ട്. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കാനും മഹിക്കായി. ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് ധോണി. ധോണിക്ക് കീഴില്‍ ടെസ്റ്റ് നമ്പര്‍ വണ്‍ ടീമെന്ന നേട്ടത്തിലെത്താനും ടീം ഇന്ത്യക്കായി. 

എന്നാല്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് അടുത്തിടെ ധോണി പുറത്തായിരുന്നു. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മഹി ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ധോണി ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കി. 

click me!