
കൊൽക്കത്ത: ഐപിഎല്ലിൽ വീണ്ടും വിരമിക്കൽ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. ഇപ്പോൾ അക്കാര്യത്തെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ധോണി പറഞ്ഞു. ഈഡൻ ഗാര്‍ഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിന്റെ പോസ്റ്റ്-മാച്ച് പ്രസന്റേഷനിലാണ് ധോണി മനസ് തുറന്നത്.
"ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും വളരെ വലുതാണെന്ന് ഞാൻ കരുതുന്നു. എനിക്ക് 43 വയസ്സായി എന്ന കാര്യം മറക്കുന്നില്ല. അതിനാൽ ഞാൻ വളരെക്കാലമായി കളിക്കുന്നു. ആരാധകരിൽ മിക്കവർക്കും എന്റെ അവസാന മത്സരം എപ്പോഴാണെന്ന് ശരിക്കും അറിയില്ല. അതിനാൽ അവർ എന്നെ പിന്തുണയ്ക്കാനും എന്റെ കളി കാണാനും ആഗ്രഹിക്കുന്നു." ധോണി പറഞ്ഞു.
'ഐപിഎല്ലിന് ശേഷം എന്റെ ശരീരത്തിന് സമ്മർദ്ദം താങ്ങാൻ കഴിയുമോ എന്ന് മനസിലാക്കാൻ ആറ് മുതൽ എട്ട് മാസം വരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇത് രണ്ട് മാസത്തെ കാലയളവാണ്. ഇപ്പോൾ എനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല," ധോണി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് സീസണുകളായി ഐപിഎല്ലിലെ ധോണിയുടെ ഭാവി ഒരു പ്രധാന ചർച്ചാ വിഷയമായി തുടരുകയാണ്. ഇതിഹാസ നായകൻ തന്റെ സമ്പന്നമായ കരിയർ എപ്പോൾ അവസാനിപ്പിക്കുമെന്ന് അറിയാനായി ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഒരുപോലെ കാത്തിരിക്കുകയാണ്.
2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ധോണി ഐപിഎല്ലിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിൽ ചെന്നൈയെ 5 തവണ കിരീടത്തിലേയ്ക്ക് നയിക്കാൻ ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമീപകാലത്ത് തന്റെ ഫിനിഷിംഗിൽ പഴയ മികവ് പുലര്‍ത്താൻ ധോണിയ്ക്ക് കഴിയുന്നില്ലെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ഈ സീസണിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് ധോണി. ചെന്നൈ നായകൻ റിതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതിന് പിന്നാലെയാണ് ധോണി വീണ്ടും നായക സ്ഥാനത്തേയ്ക്ക് എത്തിയത്. ഈ സീസണിൽ ചെന്നൈ ഇതിനോടകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!