പോണ്ടിംഗോ ധോണിയോ മികച്ച ക്യാപ്റ്റന്‍; അഫ്രീദി പറയുന്നു

By Web TeamFirst Published Jul 30, 2020, 4:58 PM IST
Highlights

ക്രിക്കറ്റില്‍ അനിഷേധ്യമായ താരങ്ങളാണ് പോണ്ടിംഗും ധോണിയും. ഐസിസിയുടെ മൂന്ന് ടൂര്‍ണമെന്റുകളിലും കപ്പ് നേടിയ ഏക ക്യാപ്റ്റനാണ് ധോണി.
 

ദില്ലി: ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗാണോ ഇന്ത്യയുടെ എംഎസ് ധോണിയാണോ മികച്ച ക്യാപ്റ്റന്‍ എന്നതിന് മറുപടിയുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ആരാധകരോട് സംവദിക്കവെയാണ് അഫ്രീദി തന്റെ അഭിപ്രായം പറഞ്ഞത്. 

ഓസ്‌ട്രേലിയയുടെ വിഖ്യാത താരവും രണ്ട് ലോകകപ്പ് നേടിയ ക്യാപ്റ്റനുമായ റിക്കി പോണ്ടിംഗിനേക്കാള്‍ ഒരുപടി മുകളിലാണ് അഫ്രീദി ധോണിക്ക് സ്ഥാനം നല്‍കിയത്. യുവതാരങ്ങളെ ഉള്‍പ്പെടുത്തി ധോണി പുതിയ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു. ക്രിക്കറ്റില്‍ അനിഷേധ്യമായ താരങ്ങളാണ് പോണ്ടിംഗും ധോണിയും. ഐസിസിയുടെ മൂന്ന് ടൂര്‍ണമെന്റുകളിലും കപ്പ് നേടിയ ഏക ക്യാപ്റ്റനാണ് ധോണി.

2007ല്‍ ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണി നേടി. 2010ല്‍ ടെസ്റ്റ് റാങ്കിംഗില്‍ ടീം ഇന്ത്യയെ ഒന്നാമതെത്തിക്കാനും ധോണിക്കായി. എല്ലാ ഫോര്‍മാറ്റിലുമായി 332 മത്സരങ്ങളാണ് ധോണി ഇന്ത്യയെ നയിച്ചത്. 178 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 120 മത്സരങ്ങളില്‍ തോറ്റു. ആറെണ്ണം ടൈ ആയി. 15 സമനിലയും. 53.61 ശതമാനമാണ് ധോണിയുടെ വിജയ ശതമാനം. 

2003, 2007 ഏകദിന ലോകകപ്പുകളില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് റിക്കി പോണ്ടിംഗ്. 324 മത്സരങ്ങള്‍ ഓസീസിനെ നയിച്ചപ്പോള്‍ 220ലും വിജയിച്ചു. 77 തോല്‍വികള്‍ മാത്രം. 13 സമനിലകളും രണ്ട് ടൈയുമാണ് പോണ്ടിംഗിന്റെ പേരിലുള്ളത്. 

click me!