എഡ്ജുണ്ടായിരുന്നോ? തലപുകച്ച് തേർഡ് അമ്പയർ; ധോണിയുടെ പുറത്താകലില്‍ വിവാദം

Published : Apr 11, 2025, 09:52 PM ISTUpdated : Apr 12, 2025, 08:10 AM IST
എഡ്ജുണ്ടായിരുന്നോ? തലപുകച്ച് തേർഡ് അമ്പയർ; ധോണിയുടെ പുറത്താകലില്‍ വിവാദം

Synopsis

ധോണിയുടെ വിക്കറ്റില്‍ ആരാധകര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്

നായകന്റെ കുപ്പായമണിഞ്ഞ് സീസണില്‍ ആദ്യമായി മൈതാനത്തിറങ്ങിയ ചെന്നൈ സൂപ്പ‍ര്‍ കിംഗ്സ് താരം എം എസ് ധോണിക്ക് പാളിയ തുടക്കം. ചെന്നൈ ബാറ്റിംഗ് തക‍ര്‍ച്ച നേരിട്ടപ്പോള്‍ ഒൻപതാമതാണ് ധോണി ക്രീസിലെത്തിയത്. നാല് പന്തില്‍ കേവലം ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സുനില്‍ നരെയ്ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ധോണി. എന്നാല്‍, ധോണിയുടെ വിക്കറ്റില്‍ ആരാധകര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്.

നരെയ്ന്റെ ഓഫ് സ്പിൻ പന്ത് മനസിലാക്കുന്നതില്‍ ധോണിക്ക് പിഴയ്ക്കുകയായിരുന്നു. ലൈൻ കവര്‍ ചെയ്ത് ഫ്രണ്ട് ഫൂട്ടില്‍ കളിച്ച ധോണിക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാൻ കഴിയാതെ പോയി. അമ്പയ‍ര്‍ ക്രിസ് ഗഫാനി ഉടൻ തന്നെ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍, ബാറ്റില്‍ പന്തുരസിയെന്ന ആത്മവിശ്വാസത്തില്‍ ധോണി റിവ്യൂവിന് പോവുകയായിരുന്നു. നരെയ്ൻ അപ്പീല്‍ ചെയ്ത ഉടൻ തന്നെ ധോണി അമ്പയറെ ബാറ്റുയര്‍ത്തി കാണിച്ചിരുന്നു.

അള്‍ട്ര എഡ്ജില്‍ ചെറിയ രീതിയില്‍ മര്‍മറുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആര്‍ത്തിരമ്പി. പക്ഷേ, തേ‍‍ര്‍ഡ് അമ്പയര്‍ അധികസമയമെടുത്ത് പരിശോധിക്കുകയും പന്തും ബാറ്റും തമ്മില്‍ അകലമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ ധോണിയുടെ പുറത്താകല്‍ അമ്പയര്‍ ഉറപ്പിച്ചു. റിവ്യൂ പാളിയതോടെ ധോണിക്ക് മടങ്ങേണ്ടി വന്നു.

ധോണിയുടെ മടക്കത്തോടെ ചെപ്പോക്ക് നിശബ്ദമാകുകയായിരുന്നു. അമ്പരന്ന ആരാധകരില്‍ ഗുജറാത്ത് എംഎല്‍എയും ചെന്നൈ സൂപ്പ‍ര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജയുടെ പത്നി റിവാബയും ഉണ്ടായിരുന്നു. അമ്പയറുടെ തീരുമാനം ഉള്‍ക്കൊള്ളാൻ റിവാബയ്ക്കും ചെന്നൈ ആരാധകര്‍ക്കും സാധിച്ചില്ല.

ധോണിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള നരെയ്ന് പന്ത് നല്‍കാനുള്ള കൊല്‍ക്കത്ത നായകൻ അജിങ്ക്യ രഹാനെയുടെ തീരുമാനം ഫലം കണ്ടുവെന്ന് പറയാം. ട്വന്റി 20യില്‍ നരെയ്നെതിരെ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് ധോണിക്ക് നേടാനായിട്ടുള്ളത്. മൂന്ന് തവണ പുറത്താകുകയും ചെയ്തു.

കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ നേടാനായത് 103 റണ്‍സ് മാത്രമായിരുന്നു. മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരെയ്നും രണ്ട് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവർത്തിയും ഹർഷിത് റാണയുമാണ് ചെന്നൈയെ തരിപ്പണമാക്കിയത്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം
പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?