ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിന് ധോണിയെത്തുമോ; മറുപടിയുമായി പരിശീലകന്‍

By Web TeamFirst Published Oct 18, 2019, 3:39 PM IST
Highlights

ഇതിനിടെ ധോണിയെ മൂന്നാം ടെസ്റ്റ് കാണാന്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ടെസ്റ്റ് കാണാനെത്തുമെന്ന് ധോണി ഉറപ്പു നല്‍കുകയും ചെയ്തു

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയാവുന്നത് മുന്‍ നായകന്‍ എം എസ് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയാണ്. നാളെ റാഞ്ചിയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റ് കാണാന്‍ ധോണിയെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത എന്ന് ടീമിലെക്ക് തിരിച്ചെത്തുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ ധോണിയെ മൂന്നാം ടെസ്റ്റ് കാണാന്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ടെസ്റ്റ് കാണാനെത്തുമെന്ന് ധോണി ഉറപ്പു നല്‍കുകയും ചെയ്തു. ധോണി ടെസ്റ്റ് കാണാനെത്തുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ കേശവ് ബാനര്‍ജിയും വ്യക്തമാക്കി. ഇന്ന് റാഞ്ചിയിലെത്തുന്ന ധോണി ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ കളി കാണാനെത്തുമെന്ന് ബാനര്‍ജി പറഞ്ഞു.

എന്നാല്‍ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ധോണി സ്റ്റേഡിയത്തിലെത്തുമോ എന്ന കാര്യത്തില്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ധോണിയുടെ കാര്യമായതിനാല്‍ അദ്ദേഹം എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവില്ലെന്ന് അസോസിയേഷന്‍ ഭാരവാഹി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ധോണിയുടെ സാന്നിധ്യം സ്റ്റേഡിയത്തിലേക്ക് കൂടുതല്‍ കാണികളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സൈനികരെ ആദരിക്കുന്നതിന്റെ ഭാഗമായി അയ്യായിരത്തോളം സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് അസോസിയേഷന്‍ സൗജന്യ ടിക്കറ്റ് നല്‍കിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

click me!