തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്

Published : Apr 20, 2026, 11:13 PM IST
Tilak Varma

Synopsis

തിലക് വർമ്മയുടെ അപരാജിത സെഞ്ചുറിയുടെയും (101*) അശ്വിനി കുമാറിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും മികവിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിന്റെ തകർപ്പൻ ജയം നേടി. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്താണ് മുംബൈ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുന്നത്. നാല് മത്സരങ്ങള്‍ക്ക് ശേഷമാണ് മുംബൈ ജയിക്കുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ തിലക് വര്‍മയുടെ (45 പന്തില്‍ പുറത്താവാതെ 101) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി. അശ്വിനി കുമാര്‍ മുംബൈക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഏഴാമതായി. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. 17 പന്തില്‍ 26 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ (14), ഷാരുഖ് ഖാന്‍ (17), കഗിസോ റബാദ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സായ് സുദര്‍ശന്‍ (0), ജോസ് ബട്‌ലര്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (6), രാഹുല്‍ തെവാട്ടിയ (8), റാഷിദ് ഖാന്‍ (4), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളും ഗുജറാത്തിന് നഷ്ടമായി. അശോക് ശര്‍മ (1) പുറത്താവാതെ നിന്നു. അശ്വിനിക്ക് പുറമെ മിച്ചല്‍ സാന്റ്‌നര്‍, ഗസന്‍ഫാര്‍ മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

നേരത്തെ തിലകിന് പുറമെ നമന്‍ ധിര്‍ (32 പന്തില്‍ 45) മികച്ച പ്രകടനനം പുറത്തെടുത്തു. സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മ, റിയാന്‍ റിക്കിള്‍ട്ടണ്‍ എന്നിവരില്ലാതെയാണ് മുംബൈ ഇറങ്ങിയത്. പകരമെത്തിയ ഡാനിഷ് മലേവാര്‍ (2), ക്വിന്റണ്‍ ഡി കോക്ക് (13) എന്നിവര്‍ നിരാശപ്പെടുത്തി. ഇരുവരും മടങ്ങുമ്പോള്‍ 25 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും (15) മടങ്ങിയതോടെ മൂന്നിന് 44 എന്ന നിലയിലായി മുംബൈ. തുടര്‍ന്ന് തിലക് - ധിര്‍ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ ധിര്‍ മടങ്ങി.

പകരമെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് (15) തിളങ്ങാനുമായില്ല. എങ്കിലും തിലകിനൊപ്പം 81 റണ്‍സ് ചേര്‍ക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. 19-ാം ഓവറില്‍ ഹാര്‍ദിക് മടങ്ങി. എങ്കിലും തിലകിന്റെ സെഞ്ചുറി മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 45 പന്തുകള്‍ നേരിട്ട തിലക് ഏഴ് സിക്‌സും എട്ട് ഫോറും നേടി. സ്‌റ്റെഫാനെ റുതര്‍ഫോര്‍ഡ് (1) പുരത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ
'സമയത്തിന്റെ പ്രശ്‌നമാണ്, എല്ലാം ശരിയാകും'; റിയാന്‍ പരാഗിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്