
മുംബൈ: അടുത്ത ഐപിഎൽ സീസണിലെ ക്യാപ്റ്റനെക്കുറിച്ച് സൂചന നൽകി മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മ വീണ്ടും മുംബൈയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് ടീം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ്. മുംബൈ ഇന്ത്യൻസിന്‍റെ തൊപ്പി പിടിച്ചിരിക്കുന്ന ഒരു ആനിമേറ്റഡ് കൈയുടെ ചിത്രമാണ് ടീം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ ഒന്നും നൽകാതെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെങ്കിലും, മുംബൈക്ക് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത്തിന്‍റെ കൈയാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു. 2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച രോഹിത്തിന്‍റെ ആഘോഷത്തോടും, 2013-ൽ ആദ്യമായി ക്യാപ്റ്റനായി കിരീടം നേടിയപ്പോഴത്തെ നിമിഷങ്ങളോടുമാണ് പലരും ഈ ചിത്രത്തെ താരതമ്യം ചെയ്തത്.
ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് പോകുകയും, പകരം ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് മുംബൈ ഇന്ത്യൻസിലേക്ക് എത്തുകയും ചെയ്തതിന് പിന്നാലെയാണ് മുംബൈ പുതിയ സീസണിലേക്ക് നായകനെ തെരയുന്നത്. രോഹിത് ശർമ്മയെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവരാൻ മുംബൈ മാനേജ്‌മെന്‍റ് ആലോചിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈയെ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചത് രോഹിത്തായിരുന്നു. എന്നാൽ 2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യ മടങ്ങിയെത്തിയപ്പോൾ ക്യാപ്റ്റൻസി അദ്ദേഹത്തിന് കൈമാറുകയായിരുന്നു. ഹാർദിക്കിന് കീഴിൽ ആദ്യ സീസണിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, 2025-ൽ പ്ലേ ഓഫിൽ എത്തിയിരുന്നു. 2020-ന് ശേഷം മുംബൈക്ക് ഐപിഎൽ കിരീടം നേടാനായിട്ടില്ല.
ഹാർദിക്കിന് പകരം സൂര്യകുമാർ യാദവിന്‍റെയും തിലക് വർമ്മയുടെയും പേരുകളും ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. കഴിഞ്ഞ സീസണിൽ ഹാർദിക് വിട്ടുനിന്നപ്പോൾ ഡൽഹിയിൽ ടീമിനെ നയിച്ചത് സൂര്യകുമാറായിരുന്നു. ഭാവിയിലേക്ക് തിലക് വർമ്മയെയും പരിഗണിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് തിലക്.
https://t.co/XuBsxopPnb
— Mumbai Indians (@mipaltan) November 25, 2026
എന്നാൽ നിലവിലെ സാഹചര്യത്തിൽ രോഹിത് തന്നെയാണ് മുൻനിരയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2027 സീസണിന് മുന്നോടിയായി ടീമിനെ പുനഃക്രമീകരിക്കുമ്പോൾ, രോഹിത്തിന്‍റെ പരിചയസമ്പത്തും റെക്കോർഡുകളും മുംബൈക്ക് കരുത്താകും. രോഹിത് വീണ്ടും നായകനാകുന്നത് മൂന്ന് വർഷം മുമ്പെടുത്ത തീരുമാനത്തിൽ നിന്നുള്ള വലിയൊരു തിരിച്ചുപോക്കായിരിക്കും. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാൽ ബുധനാഴ്ചത്തെ പോസ്റ്റ് സ്ഥിരീകരണമായി കണക്കാക്കാനാവില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഐപിഎൽ 2027 ലേലത്തിന് മുന്നോടിയായി രോഹിത്, സൂര്യകുമാർ, തിലക്, ജസ്പ്രീത് ബുംറ, റയാൻ റിക്കിൾട്ടൺ എന്നിവരുൾപ്പെടെ 16 താരങ്ങളെ മുംബൈ നിലനിർത്തിയിരുന്നു. ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ട്, പേസര്‍ ദീപക് ചാഹർ, അഫ്ഗാൻ സ്പിന്നർ എ.എം. ഗസൻഫർ എന്നിവരെയാണ് മുംബൈ ഒഴിവാക്കിയത്. 32.60 കോടി രൂപയാണ് മുംബൈയുടെ ലേല പേഴ്സിൽ ബാക്കിയുള്ളത്. ഡിസംബർ 16-ന് ഗോവയിൽ നടക്കുന്ന ഐപിഎൽ 2027 ലേലത്തിലേക്ക് ടീമുകൾ നീങ്ങുമ്പോൾ, മുംബൈയുടെ അടുത്ത നീക്കങ്ങളിലേക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!