
മുംബൈ: രവീന്ദ്ര ജഡേജയെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മഞ്ഞ ജേഴ്സിയില്‍ കാണാനാകുമോ എന്നതാണ് ഇന്ത്യയിലെ ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ ചര്‍ച്ച. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ജഡേജ നടത്തിയ ഇടപെടലാണ് ഇത്തരമൊരു ചര്‍ച്ചക്ക് കാരണമായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം 10 പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി ചെന്നൈ ഒഫീഷ്യല്‍ പേജില്‍ ചെന്നൈക്കൊപ്പം 10 വര്‍ഷമെന്ന അടിക്കുറിപ്പോടെ ജഡേജയുടെ ചിത്രവും വെച്ച് പോസ്റ്റ് ഇട്ടു. ഇതിന് താഴെ ഇനിയുമൊരു 10 വര്‍ഷം കൂടി എന്ന് ജഡേജ കുറിക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവം ജഡേജ തന്നെ ഈ മറുപടി ഡീലിറ്റ് ചെയ്തതാണ് പുതിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടത്. ഐപിഎല്ലിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ എം എസ് ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ജഡേജക്ക് കീഴില്‍ ചെന്നൈക്ക് എട്ടുകളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ ജയിക്കാനായുള്ളു.
പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനവും പരിക്കിനെ തുടര്‍ന്ന് ടീമിലെ സ്ഥാനവും ജഡേജക്ക് നഷ്ടമായി. ഇതിന് ശേഷം ജഡേജയും ചെന്നൈ ടീമും അത്ര രസത്തിലല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ജഡേജ 10 വര്‍ഷം തികച്ചതിന്‍റെ ട്വീറ്റ് കൂടി ഒഴിവാക്കിയതോടെ ജഡേജ വരുന്ന സീസണില്‍ ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ജഡേജയെ മുംബൈ ഇന്ത്യന്‍സിലേക്ക് ക്ഷണിക്കുകയാണ് ആരാധകര്‍. പകരം കഴിഞ്ഞ താരലേലത്തില്‍ പൊന്നുംവിലയായ 15.5 കോടി മുടക്കി സ്വന്തമാക്കിയ ഇഷാന്‍ കിഷനെ വിട്ടുനല്‍കാമെന്നും ആരാധകര്‍ ട്വിറ്ററില്‍ പറയുന്നു. എന്നാല്‍ ജഡേജക്ക് മുംബൈയിലെത്തുക അത്ര എളുപ്പമല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടംകൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടറായി സഞ്ജയ് ഷൊക്കീന്‍ ഇപ്പോള്‍ മുംബൈക്കൊപ്പമുണ്ട്.
സഞ്ജുവിന് ഇടമുണ്ടാകുമോ ?; ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം
ഈ സാഹചര്യത്തില്‍ ജഡേജയെക്കൂടി മുംബൈ ടീമിലെത്തിക്കാനുള്ള സാധ്യത കുറവാണ്. അത് മാത്രമല്ല, ജഡേജക്ക് കുറഞ്ഞത് 10 കോടി രൂപയെങ്കിലും മുംബൈ മുടക്കേണ്ടിവരുമെന്നും ഇതിന് ടീം തയാറാവില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് കൂടുതല്‍ കരുത്തനായി തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്ന് അടുത്തിടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ജഡേജ മറുപടി നല്‍കിയിരുന്നു.