വെസ്റ്റ് ഇൻഡീസിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ആരൊക്കെ ഏഷ്യാ കപ്പ് ടീമിലുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സഞ്ജു സാംസണ് ടീമിലിടം ഉണ്ടാകുമോ എന്നും മലയാളികൾ ഉറ്റുനോക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യത ടീമിൽ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാം.
മുംബൈ: യുഎഇയിൽ ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടർമാർ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര പൂർത്തിയായശേഷമാകും ടീമിനെ പ്രഖ്യാപിക്കുക. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടിയാണ് ഇനി ബാക്കിയുള്ളത്. ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
വെസ്റ്റ് ഇൻഡീസിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ആരൊക്കെ ഏഷ്യാ കപ്പ് ടീമിലുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സഞ്ജു സാംസണ് ടീമിലിടം ഉണ്ടാകുമോ എന്നും മലയാളികൾ ഉറ്റുനോക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യത ടീമിൽ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാം.
ഓപ്പണർമാരായി ക്യാപ്റ്റൻ രോഹിത് ശർമയും കെ എൽ രാഹുലും ഏഷ്യാ കപ്പ് ടീമിൽ സ്ഥാനമുറപ്പിക്കുെന്നുറപ്പാണ്. വൺ ഡൗണായി വിരാട് കോലി തിരിച്ചെത്തും. ഒരു മാസത്തെ വിശ്രമത്തിനുശേഷം മടങ്ങിയെത്തുന്ന കോലി ഫോമിലാകുമോ എന്നും ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. നാലാം നമ്പറിൽ സൂര്യകുമാർ യാദവല്ലാതെ മറ്റൊരു താരത്തെ പരിഗണിക്കാനിടയില്ല.
അഞ്ചാമനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ആറാം നമ്പറിൽ പേസ് ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയും എത്തുമ്പോൾ ഏഴാം നമ്പറിൽ സ്പിൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കളിക്കും. അന്തിമ ഇലവനിൽ പേസർമാരായി ഹർഷൽ പട്ടേലും ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും കളിക്കുമ്പോൾ സ്പെഷലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചാഹലും ടീമിലെത്തും.
ബാക്ക് അപ്പ് ഓപ്പണറായി ഇഷാൻ കിഷന് തന്നെയാണ് സാധ്യത. വെസ്റ്റ് ഇൻഡീസിലും ഇംഗ്ലണ്ടിലും പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ കരുത്തിൽ അർഷദീപ് സിംഗ് നാലാം പേസറായി 15 അംഗ ടീമിലെത്തും. ടീമിലെ അവസാന സ്ഥാനത്തിനായി അക്സർ പട്ടേലും ആർ അശ്വിനും തമ്മിലായിരിക്കും മത്സരം. ഇടം കൈയൻ ബാറ്റർമാർക്കെതിരെയുള്ള മികച്ച റെക്കോർഡ് കണക്കിലെടുത്താൽ അശ്വിൻ ടീമിലെത്തിയേക്കും.
സ്പിൻ ഓൾ റൗണ്ടർ എന്ന നിലയിലും സമീപകാലത്ത് പുറത്തെടുത്ത മികച്ച പ്രകടനങ്ങളുടെ കരുത്തിലും ദീപക് ഹൂഡ 15-ാമനായി ടീമിലെത്തുമ്പോൾ മലയാളി താരം സഞ്ജു സാംസണ് ടീമിലിടം ലഭിക്കാനുള്ള സാധ്യത കുറവാണ്.
