
ഹൈദരാബാദ്: മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ പ്രതീക്ഷകൾ തകര്‍ത്ത് മുംബൈ ക്വാര്‍ട്ടറില്‍. നിര്‍ണായക മത്സരത്തില്‍ ആന്ധ്ര ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യം അജിങ്ക്യാ രഹാനെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ശിവം ദുബെ, സൂര്യാന്‍ശ് ഹെഡ്ജെ എന്നിവരുടെ ബാറ്റിംഗിന്‍റെയും മികവില്‍ 19.3 ഓവറില്‍ മറികടന്നു. 54 പന്തില്‍ 95 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറര്‍. പൃഥ്വി ഷാ 15 പന്തില്‍ 34 റണ്‍സടിച്ചപ്പോള്‍ ശിവം ദുബെ 18 പന്തില്‍ 34ഉം സൂര്യാൻശ് ഹെഡ്ജെ(7 പന്തില്‍ 26*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ മറികടന്നത്. സ്കോർ ആന്ധ്ര 20 ഓവറില്‍ 229-4, മുംബൈ 19.3 ഓവറില്‍ 233-6
17 ഓവറില്‍ 198-3 എന്ന സ്കോറില്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു മുംബൈ രഹാനെയുടെയും ശിവം ദുബെയുടെയും വിക്കറ്റുകള്‍ തുടര്‍ച്ചയായ പന്തുകളില്‍ നഷ്ടമാതോടെ തോല്‍വി മുന്നില്‍ കണ്ടു. അവസാന രണ്ടോവറില്‍ 30 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നുത്. കെ വി ശശികാന്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് സിക്സ് അടക്കം 24 റണ്‍സടിച്ച സൂര്യാന്‍ശ് ഹെഡ്ജെ മുംബൈയെ ജയത്തിന് അടുത്തെത്തിച്ചു. രാജുവിനെ ബൗണ്ടറി കടത്തി അവസാന ഓവറിലെ മൂന്നാം പന്തില്‍ ഹെഡ്ജെ മുംബൈയെ ജയത്തിലേക്കും ക്വാര്‍ട്ടറിലേക്കും നയിച്ചു.
ഗ്രൂപ്പ് ചാമ്പ്യൻമാരായി മുംബൈ ക്വാര്‍ട്ടറിലെത്തിയതോടെ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ആന്ധ്ര നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. മുംബൈക്കായി രഹാനെ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയാണ് 95 റണ്‍സടിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 11 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവ് അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര കെ എസ് ഭരത്(50 പന്തില്‍ 85), അശ്വിന്‍ ഹെബ്ബാര്‍(29 പന്തില്‍ 52)സ ക്യാപ്റ്റന്‍ റിക്കി ഭൂയി(31 പന്തില്‍ 68) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്.
ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചു തുടങ്ങിയ കേരളം മഹാരാഷ്ട്രയോട് തോറ്റിരുന്നു. പിന്നീട് നാഗാലാന്‍ഡിനും ഗോവക്കുമെതിരെ ജയിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ആന്ധ്രക്കെതിരെ തോത് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക