റെയ്‌ന എനിക്ക് സ്വന്തം മകനെ പോലെ; എന്നാല്‍ മടങ്ങിവരവിനെ കുറിച്ച് സംസാരിക്കേണ്ടത് ഞാനല്ല: ശ്രീനിവാസന്‍

By Web TeamFirst Published Sep 2, 2020, 10:02 PM IST
Highlights

അച്ഛന് മകനെ ശകാരിക്കാനുള്ള അവകാശമുണ്ടെന്നാണ് റെയ്‌ന വ്യക്തമാക്കിയത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍.

ചെന്നൈ: തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സുരേഷ് റെയ്‌നയുടെ ഐപിഎല്‍ പിന്മാറ്റം. ഒരറിയപ്പും നല്‍കാതെ താരം പിന്മാറിയത് നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സിഎസ്‌കെ ഉടമസ്ഥന്‍ എന്‍ ശ്രീനിവാസനും റെയ്‌നയ്‌ക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ചു. എന്നാല്‍ എന്റെ വാക്കുകള്‍ അടര്‍ത്തി മാറ്റിയതാണെന്ന് പറഞ്ഞ് പിന്നീട് അദ്ദേഹം തടിത്തപ്പി. ഇക്കാര്യത്തില്‍ റെയ്‌ന തന്റെ പ്രതികരണമറിയിച്ചപ്പോള്‍ ശ്രീനിവാസന്‍ എനിക്ക് അച്ഛനെ പോലെയാണെന്നാണ് പറഞ്ഞത്. സിഎസ്‌കെ കുടുംബമാണെന്നും എനിക്ക് സ്വന്തം വീട് പോലെയാണെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.

പിന്നീട് ഇരുവരും ഫോണില്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ മയപ്പെടുകയായിരുന്നു. അച്ഛന് മകനെ ശകാരിക്കാനുള്ള അവകാശമുണ്ടെന്നാണ് റെയ്‌ന വ്യക്തമാക്കിയത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''റെയ്‌ന എനിക്ക് സ്വന്തം മകനെ പോലെയാണ. എന്നാല്‍ റെയ്നയുടെ മടങ്ങിവരവൊന്നും തന്റെ നിയന്ത്രണ പരിധിയില്‍പ്പെടുന്ന കാര്യല്ല. ഇത്തരം കാര്യങ്ങളെല്ലാം ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടത്. റെയ്ന ഇനി ഈ സീസണില്‍ സിഎസ്‌കെയില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ കളിപ്പിക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ തനിക്കു റോളില്ല.

ഞങ്ങളുടെ ഉമടസ്ഥയിലുള്ളത് ഫ്രാഞ്ചൈസിയാണ്, താരങ്ങള്‍ ഞങ്ങളുടെ സ്വന്തമല്ല. ഞാന്‍ ക്രിക്കറ്റ് ടീം ക്രിക്കറ്റ് ക്യാപ്റ്റനല്ല. ലേലത്തില്‍ ആരെയൊക്കെ വാങ്ങണമെന്നോ, ടീമില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നോ ഞാന്‍ ഒരിക്കലും ടീം മാനേജ്മെന്റിനോടു പറഞ്ഞിട്ടില്ല. ഇനിയൊരിക്കലും പറയാനും പോവുന്നില്ല.  ക്യാപ്റ്റന്‍ ധോണിയും സിഇഒ കാശി വിശ്വനാഥനുമുള്‍പ്പെടുന്ന ടീം മാനേജ്മെന്റായിരിക്കും റെയ്നയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ഇന്ത്യയിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ ടീമിനൊപ്പമുള്ളപ്പോള്‍ ഞാനെന്തിനാണ് ഇക്കാര്യങ്ങളില്‍ ഇടപെടുന്നത്.?'' ശ്രീനിവാസന്‍ ചോദിച്ചു.

ക്രിക്കറ്റ് കാര്യങ്ങളില്‍ ഫ്രാഞ്ചൈസി ഒരിക്കലും തലയിടാറില്ലെന്നതു തന്നെയാണ് ഐപിഎല്ലില്‍ ഇത്രയും വര്‍ഷങ്ങളായുള്ള സിഎസ്‌കെയുടെ വിജയരഹസ്യമെന്നും  ഇനിയും അതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

click me!