
ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശി ബൗളര്‍ നാസും അഹമ്മദിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഒരോവറില്‍ 34 റണ്‍സ് വഴങ്ങിയ നാസും ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ശിവം ദുബെക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി.
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബംഗ്ലാദേശി ബൗളറെന്ന നാണക്കേടും ഇതോടെ ഇടംകൈയന്‍ ബൗളറായ നാസുമിന്‍റെ പേരിലായി. ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍. ആദ്യ ടി20 ലോകകപ്പില്‍ യുവരാജ് സിംഗ് ആറ് പന്തില്‍ ആറ് സിക്സടിച്ചപ്പോഴാണ് നാണക്കേടിന്‍റെ വലിയ റെക്കോര്‍ഡ് ബ്രോഡിന്‍റെ പേരിലായത്.
സിംബാബ്‌വെ ഇന്നിംഗ്സിലെ പതിനഞ്ചാം ഓവര്‍ എറിഞ്ഞ നാസും അഞ്ച് സിക്സും ഒരു ഫോറും വഴങ്ങി. മത്സരത്തില്‍ രണ്ടോവര്‍ മാത്രമെറിഞ്ഞ നാസും 40 റണ്‍സാണ് വഴങ്ങിയത്. സിംബാബ്‌വെ ബാറ്ററായ റയാന്‍ ബേള്‍ ആണ് നാസുമിനെ അടിച്ചു പറത്തിയത്. നാസുമിനെതിരെ ഒരോവറില്‍ 34 റണ്‍സടിച്ച ബേള്‍ 2019ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി20 പോരാട്ടത്തില്‍ ഷാക്കിബ് അല്‍ ഹസന്‍റെ ഒരോവറില്‍ മൂന്ന് ഫോറും മൂന്ന് സിക്സും അടിച്ച് 30 റണ്‍സടിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവിട്ടു; ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് പോരാട്ടം
2020ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 മത്സരത്തിലാണ് ശിവം ദുബെ ഒരോവറില്‍ 34 റണ്‍സ് വഴങ്ങി ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറായത്. റോസ് ടെയ്‌ലറും ടിം സീഫര്‍ട്ടും ചേര്‍ന്നായിരുന്നു നാല് സിക്സും രണ്ട് ഫോറും ദുബെയുടെ ഓവറില്‍ അടിച്ചെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ബേളിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ക്രെയ്ഗ് ഇര്‍വിന്‍(24), ചകാബ്വ(17) എന്നിവര്‍ മികച്ച തുടക്കം നല്‍കിയശേഷം പതിമൂന്നാം ഓവറിലെത്തിയപ്പോള്‍ 67-6ലേക്ക് തകര്‍ന്നടിഞ്ഞ സിംബാബ്‌വെയെ ഏഴാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടിലൂടെ ബേളും ജോങ്‌വെയും(35) ചേര്‍ന്നാണ് കരകയറ്റിയത്. ബംഗ്ലാദേശിനായി മെഹ്ദി ഹസനും ഹസന്‍ മെഹമ്മൂദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.