പൂജാരക്കും സുന്ദറിനും പിന്നാലെ കൗണ്ടിയില്‍ തിളങ്ങി വീണ്ടുമൊരു ഇന്ത്യന്‍ താരം

Published : Jul 21, 2022, 06:00 PM IST
പൂജാരക്കും സുന്ദറിനും പിന്നാലെ കൗണ്ടിയില്‍ തിളങ്ങി വീണ്ടുമൊരു ഇന്ത്യന്‍ താരം

Synopsis

വാര്‍വിക്‌ഷെയറിന്‍റെ ക്രിസ് ബെഞ്ചമിന്‍, ഡാന്‍ മൗസ്‌ലെ, മൈകകല്‍ ബര്‍ഗസ്, ഹെന്‍റി ബ്രൂക്സ്, ക്രെയ്ഗ് മൈല്‍സ് എന്നിവരാണ് സെയ്നിയുടെ പേസിന് മുന്നില്‍ മുട്ടുകുത്തിയത്. സെയ്നിയുടെ ബൗളിംഗ് മികവില്‍ വാര്‍വിക്‌ഷെയറിനെ ഒന്നാം ഇന്നിംഗ്സില്‍ കെന്‍റ് 225 റണ്‍സിന് പുറത്താക്കി. എന്നാല്‍ ബൗളിംഗിലെ മികവ് ബാറ്റിംഗില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കെന്‍റ് ആദ്യ ഇന്നിംഗ്സില്‍ 165 റണ്‍സിന് പുറത്തായി സെയ്നി നല്‍കിയ മുന്‍തൂക്കം നഷ്ടമാക്കുകയും ചെയ്തു.

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുന്നു. സസെക്സിനായി റണ്‍വേട്ട നടത്തിയ ചേതേശ്വര്‍ പൂജാരക്കും ലങ്കാഷെയറിനായി അഞ്ച് വിക്കറ്റെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറിനും പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരം കൂടി കൗണ്ടിയില്‍ മികവ് തെളിയിച്ചു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കെന്‍റിനായി അരങ്ങേറ്റംകുറിച്ച സെയ്നി വാര്‍വിക്‌ഷെയറിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

വാര്‍വിക്‌ഷെയറിന്‍റെ ക്രിസ് ബെഞ്ചമിന്‍, ഡാന്‍ മൗസ്‌ലെ, മൈകകല്‍ ബര്‍ഗസ്, ഹെന്‍റി ബ്രൂക്സ്, ക്രെയ്ഗ് മൈല്‍സ് എന്നിവരാണ് സെയ്നിയുടെ പേസിന് മുന്നില്‍ മുട്ടുകുത്തിയത്. സെയ്നിയുടെ ബൗളിംഗ് മികവില്‍ വാര്‍വിക്‌ഷെയറിനെ ഒന്നാം ഇന്നിംഗ്സില്‍ കെന്‍റ് 225 റണ്‍സിന് പുറത്താക്കി. എന്നാല്‍ ബൗളിംഗിലെ മികവ് ബാറ്റിംഗില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കെന്‍റ് ആദ്യ ഇന്നിംഗ്സില്‍ 165 റണ്‍സിന് പുറത്തായി സെയ്നി നല്‍കിയ മുന്‍തൂക്കം നഷ്ടമാക്കുകയും ചെയ്തു.

കൗണ്ടി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് എറിഞ്ഞിട്ട് വാഷിംഗ്‌ടണ്‍ സുന്ദര്‍

ഇന്ത്യന്‍ ടീമില്‍ അവസരത്തിനായുള്ള മത്സരം കടുത്തതോടെ ഇത്തവണ നിരവധി ഇന്ത്യന്‍ താരങ്ങളാണ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നത്. സെയ്നിക്കും പൂജാരക്കും ലങ്കാഷെയറിനായി കളിക്കുന്ന വാഷിംഗ്‌ടണ്‍ സുന്ദറിനും പുറമെ മിഡില്‍സെക്കിനായി ഉമേഷ് യാദവും കൗണ്ടിയില്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ താരമായ ക്രുനാല്‍ പാണ്ഡ്യയും വൈകാതെ കൗണ്ടിയില്‍ വാര്‍വിക്‌ഷെയറിനായി കളിക്കാനെത്തും.

2019ല്‍ ഇന്ത്യക്കായി അരങ്ങേറിയ 29കാരനായ സെയ്നി പേസ് കൊണ്ടാണ് ശ്രദ്ധേയനായത്. എന്നാല്‍ റണ്‍സ് വഴങ്ങുന്നതിലെ ധാരാളിത്തം കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ സെയ്നി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായിരുന്നു. ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും എട്ട് ഏകദിനങ്ങളിലും 11 ടി20യിലും പന്തെറിഞ്ഞിട്ടുള്ള സെയ്നി മൂന്ന് ഫോര്‍മാറ്റിലുമായി 21 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടക്കമുള്ള ടീമുകള്‍ക്കായും സെയ്നി കളിച്ചിട്ടുണ്ട്.

സസെക്സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ലോര്‍ഡ്സില്‍ ഇരട്ട സെഞ്ചുറിയുമായി പൂജാര, ചരിത്രനേട്ടം

കെന്‍റിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മൂന്ന് മത്സരങ്ങള്‍ക്കാണ് സെയ്നി കരാറായിരിക്കുന്നത്. ഇതിനുശേഷം നടക്കുന്ന റോയല്‍ വണ്‍ഡേ കപ്പ് മത്സരത്തില്‍ അഞ്ച് മത്സരങ്ങളിലും സെയ്നി കെന്‍റിനായി പന്തെറിയും. ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിനുശേഷം കെന്‍റിനായി കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സെയ്നി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മിസ്റ്റർ കണ്‍സിസ്റ്റന്റായി രോഹിത് ശർമ; കോഹ്‍‌‌ലിക്ക് പോലുമില്ലാത്ത അപൂർവ്വ നേട്ടം ഇനി സ്വന്തം
ജയ്‌സ്വാളിന് വിശ്രമം വേണ്ട, മുംബൈക്ക് വേണ്ടി ടി20 കളിക്കാന്‍ താരം; രോഹിത്തിന്റെ കാര്യം ഉറപ്പില്ല