കൗണ്ടി സീസണില്‍ സസെക്സിനായി അഞ്ച് സെഞ്ചുറികളാണ് പൂജാര ഇതുവരെ നേടിയത്. സീസണില്‍ മൂന്നാം ഡബിള്‍ നേടിയതോടെ സസെക്സിന്‍റെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായി പൂജാര.

ലണ്ടന്‍: കൗണ്ടി ടീമായ സസെക്സിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടി ചേതേശ്വര്‍ പൂജാര. ലോര്‍ഡ്സില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്സിനെതിരെയായിരുന്നു പൂജാരയുടെ ഡബിള്‍ സെഞ്ചുറി. സീസണില്‍ സസെകക്സിനായി പൂജാരയുടെ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറിയാണിത്. കൗണ്ടി സീസണില്‍ സസെക്സിനായി അഞ്ച് സെഞ്ചുറികളാണ് പൂജാര ഇതുവരെ നേടിയത്. സീസണില്‍ മൂന്നാം ഡബിള്‍ നേടിയതോടെ സസെക്സിന്‍റെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായി പൂജാര.

ഇന്നലെ 115 റണ്‍സുമായി പുറത്താകാതെ നിന്ന പൂജാര 231 റണ്‍സെടുത്ത് സസെക്സിന്‍റെ അവസാന ബാറ്ററായാണ് രണ്ടാം ദിനം പുറത്തായത്. 403 പന്തില്‍ 21 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. പൂജാരയുടെ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ സസെക്സ് ഒന്നാം ഇന്നിംഗ്സില്‍ 523 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ മിഡില്‍സെക്സ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി സാം റോബ്സണും 47 റണ്‍സോടെ മാര്‍ക്ക് സ്റ്റോണ്‍മാനും ക്രീസില്‍.

കൗണ്ടി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് എറിഞ്ഞിട്ട് വാഷിംഗ്‌ടണ്‍ സുന്ദര്‍

നാലാമനായി ക്രീസിലെത്തിയ പൂജാര ആദ്യദിനം സെഞ്ചുറി നേടിയ ടോം അസ്‌ലോപ്പിനൊപ്പം മൂന്നാം വിക്കറ്റില്‍ 217 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 277 പന്തില്‍ 135 റണ്‍സെടുത്ത അസ്‌ലോപ്പാണ് ആദ്യ ദിനം സസെക്സിന്‍റെ ടോപ് സ്കോററായത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്ത സസെക്സ് രണ്ടാം ദിനം 195 റണ്‍സടിച്ചപ്പോള്‍ അതില്‍ 116 റണ്‍സും പൂജാരയുടെ ബാറ്റില്‍ നിന്നായിരുന്നു.മിഡില്‍സെക്സിനായി കളിച്ച ഇന്ത്യയുടെ ഉമേഷ് യാദവ് 29 ഓവര്‍ എറി‌ഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ഈ കൗണ്ടി സീസണില്‍ സസെക്സിനായി പൂജാര നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഡെര്‍ബിഷെയറിനെതിരെ ഡബിള്‍ സെഞ്ചുറിയുമായാണ് പൂജാര കൗണ്ടിയില്‍ അരങ്ങേറിയത്. പിന്നീട് വോഴ്സറ്റര്‍ഷെയറിനെതിരെ സെഞ്ചുറിയും ഡര്‍ഹാമിനെതിരെ ഡബിള്‍ സെഞ്ചുറിയും മിഡില്‍ സെക്സിനെതിരെ അപരാജിത സെഞ്ചുറിയും(170*) പൂജാര നേടി.

പന്തിനെ കാണാന്‍ കൊള്ളാം, തടി കൂടി കുറച്ചാല്‍ മോഡലായി കോടികള്‍ വാരാമെന്ന് അക്തര്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും പൂജാര തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം മോശം ഫോമിന്‍റെ പേരില്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമില്‍ നിന്ന പുറത്തായ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സടിച്ച് പൂജാര തിളങ്ങുകയും ചെയ്തു.