ലങ്കാഷെയറിനായി എറിഞ്ഞ തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വാഷിംഗ്‌ടണ്‍ സുന്ദര്‍ വിക്കറ്റ് വീഴ്ത്തിയിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ മാത്രം ലങ്കാഷെയര്‍ ബൗളറാണ് സുന്ദര്‍.
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുന്നു. സസെക്സിനായി ചേതേശ്വര്‍ പൂജാര ഇന്നലെ സെഞ്ചുറി നേടിയതിന് പിന്നാലെ ലങ്കാഷെയറിനായി അഞ്ച് വിക്കറ്റ് പ്രകടനവുമായി ഓഫ് സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍. നോര്‍ത്താംപ്ടണ്‍ഷെയറിനെതിരെയാണ് വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം.
വാഷിംഗ്‌ടണ്‍ സുന്ദര്‍ 76 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ നോര്‍ത്താംപ്ടണ്‍ഷെയറിന്‍റെ ഒന്നാം ഇന്നിംഗ്സ് 235 റണ്‍സില്‍ അവസാനിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ലങ്കാഷെയറിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലങ്കാഷെയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. ബൗളിംഗില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ സുന്ദറിന് തിളങ്ങാനായില്ല. രണ്ട് റണ്‍സെടുത്ത് സുന്ദര്‍ പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജാക്ക് വൈറ്റാണ് ലങ്കാഷെയറിനെ തകര്‍ത്തത്.
ലങ്കാഷെയറിനായി എറിഞ്ഞ തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വാഷിംഗ്‌ടണ്‍ സുന്ദര്‍ വിക്കറ്റ് വീഴ്ത്തിയിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ മാത്രം ലങ്കാഷെയര്‍ ബൗളറാണ് സുന്ദര്‍.
സസെക്സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ലോര്‍ഡ്സില്‍ സെഞ്ചുറിയുമായി പൂജാര
കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന സുന്ദര്‍ ടൂര്‍ണമെന്‍റിനിടെ പരിക്കുമൂലം പിന്‍വാങ്ങിയിരുന്നു. പിന്നീട് പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സുന്ദറിനെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലേക്കോ ഇംഗ്ലണ്ടിനെതിരായ ഏകദിന,ടി20 പരമ്പരകളിലേക്കോ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിലേക്കോ ടീമിലേക്ക് പരിഗണിച്ചില്ല.
തുടര്‍ന്നാണ് സുന്ദര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ലങ്കാഷെയറിനായി കളിക്കാന്‍ കരാറൊപ്പിട്ടത്. മിഡില്‍സെക്സിനായി കളിക്കുന്ന ഉമേഷ് യാദവ് ആണ് കൗണ്ടിയില്‍ കളിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. സസെക്സിനെതിരെ 29 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
