
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ ഓപ്പണറാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്ത് പരിഗണിക്കുമെന്ന് മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓപ്പണിംഗില്‍ രോഹിത് വരണമെന്ന് സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണനും അടക്കമുള്ളവര്‍ വാദിച്ചിരുന്നു.
എന്നാല്‍ രോഹിത്തിനെ ഇന്ത്യ ടെസ്റ്റ് ഓപ്പണറാക്കണ്ട എന്ന നിലപാടാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ നയന്‍ മോംഗിയക്കുള്ളത്. രോഹിത്തിന് പകരം യുവ താരങ്ങളായ അഭിമന്യൂ ഈശ്വരനെയും പ്രിയങ്ക് പാഞ്ചലിനെയും ടെസ്റ്റ് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മോംഗിയ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ഇരുവരും സീസണില്‍ 50-60 ശരാശരിയില്‍ 800-1000 റണ്‍സ് നേടുന്നതായി മോംഗിയ ചൂണ്ടിക്കാട്ടുന്നു.
'വിക്കറ്റ് കീപ്പിംഗ് പോലെ സ്‌പെഷ്യലൈസായ ജോലിയാണ് ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍റേത്. രോഹിത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ശൈലിമാറ്റം ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ രീതിയിലേക്ക് മാറാതെ സ്വാഭാവിക കളിയില്‍ ഉറച്ചുനില്‍ക്കുകയാണ് രോഹിത് ചെയ്യേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ രോഹിത്തിന്‍റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പ്രകടനത്തെ ബാധിക്കുമെന്നും' മോംഗിയ പറഞ്ഞു.
കെ എല്‍ രാഹുല്‍ മോശം ഫോം തുടരുന്നതാണ് രോഹിത്തിനെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കമിട്ടത്. 2018 ജൂലൈക്ക് ശേഷം കളിച്ച 10 ഇന്നിംഗ്‌സുകളില്‍ 25 ശരാശരിയില്‍ 228 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. ഒരു തവണ മാത്രമാണ് രാഹുല്‍ 50 പിന്നിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!