27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച 47 പന്തില്‍ ബട്‌ലര്‍ക്ക് സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് പിന്നീട് 20 പന്തുകള്‍ മാത്രം. 47 പന്തില്‍ സെഞ്ചുറി തികച്ച ബട്ലര്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വേഗത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി.

ആംസറ്റല്‍വീന്‍: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ജോസ് ബട്‌ലര്‍(Jos Buttler), ഡേവിഡ് മലന്‍(Dawid Malan), ഫിലിപ്പ് സാള്‍ട്ട്(Philip Salt) എന്നിവരുടെ സെഞ്ചുറികളുടെയും ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ(Liam Livingstone) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവില്‍ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സെടുത്തു.

70 പന്തില്‍ 162 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്‍(125), ഫിലിപ്പ് സാള്‍ട്ട്(122), ലിയാം ലിവിംഗ്‌സ്റ്റണ്‍(62) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 ആണ് നെതര്‍ലന്‍ഡ്സിനെതിരെ ഇന്ന് മറികടന്നത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സ് അടിച്ചെങ്കിലും രണ്ട് റണ്‍സകലെ ഏകദിന ക്രിക്കറ്റിലെ ആദ്യ 500 റണ്‍സ് ഇംഗ്ലണ്ടിന് നഷ്ടമായി.

ബോസ് ബട്‌ലര്‍

രണ്ടാം ഓവറില്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ(1) നഷ്ടമായശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ റണ്‍വേട്ട. രണ്ടാം വിക്കറ്റില്‍ 27 ഓവറില്‍ 222 റണ്‍സടിച്ച സാള്‍ട്ട്-മലന്‍ സഖ്യം ഇംഗ്ലണ്ടിനെ 200 കടത്തി. സാള്‍ട്ട് 93 പന്തില്‍ 122 റണ്‍സടിച്ച് പുറത്തായശേഷമാണ് ബട്‌ലര്‍ ക്രീസിലെത്തിയത്. നാലാമനായി ക്രീസിലെത്തിയ ഐപിഎല്ലിലെ മിന്നും ഫോം ഏകദിനങ്ങളിലും തുടര്‍ന്നു. 27 പന്തില്‍ ബട്‌ലര്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 90 പന്തില്‍ സെഞ്ചുറി തികച്ച മലന്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി. ജോസ് ബട്‌ലറാണ് മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ ഒരേയൊരു താരം.

27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച 47 പന്തില്‍ ബട്‌ലര്‍ക്ക് സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് പിന്നീട് 20 പന്തുകള്‍ മാത്രം. 47 പന്തില്‍ സെഞ്ചുറി തികച്ച ബട്ലര്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വേഗത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി. 44ാം ഓവറില്‍ 400 റണ്‍സ് പിന്നിട്ട ഇംഗ്ലണ്ടിന് 45-ാം ഓവറില്‍ ഡേവിഡ് മലന്‍റെയും(109 പന്തില്‍ 125) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെയും(0) വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീടെത്തിയ ലിയാം ലിവിംഗ്‌സറ്റണ്‍ 46-ാം ഓവറില്‍ 32 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ 450ന് അടുത്തെത്തിച്ചു.

ബോയ്സെവിയന്‍ എറിഞ്ഞ ഓവറില്‍ നാല് സിക്സും രണ്ട് ഫോറുമാണ് ലിവിംഗ്‌സ്റ്റണ്‍ പറത്തിയത്. 14 പന്തില്‍ 48 റണ്‍സിലെത്തിയ ലിവിംഗ്സ്റ്റണ് പിന്നീടുള്ള രണ്ട് പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്നതോടെ ഏകദിനത്തിലെ അതിവേഗ അര്‍ധസെഞ്ചുറി തലനാരിഴക്ക് നഷ്ടമായെങ്കിലും 18 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി ഇംഗ്ലണ്ടിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ചു.

വാന്‍ ബീക്ക് എറിഞ്ഞ 49-ാം ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുക്കാനെ ഇഗ്ലണ്ടിനായുള്ളു. ഇതാണ് ടീം ടോട്ടല്‍ 500 കടക്കുന്നത് തടഞ്ഞത്. സ്നാറ്റര്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സാണ് ബട്‌ലറും ലിവിംഗ്‌സറ്റണും ചേര്‍ന്ന് അടിച്ചെടുത്തത്. ബട്‌ലര്‍ 70 പന്തില്‍ 162 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴ് ഫോറും നാല് സിക്സും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിംഗ്സ്. ലിവിംഗ്‌സ്റ്റണ്‍ 22 പന്തില്‍ ആറ് ഫോറും ആറ് സിക്സും പറത്തി 66 റണ്‍സുമായി പുറത്താകാതെ നിന്നു.