ആര്‍ക്കും തോല്‍പിക്കാവുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ; വിമര്‍ശനങ്ങളില്‍ മുങ്ങി ഇന്ത്യന്‍ ടീം

Published : Nov 27, 2025, 10:03 AM IST
Team India

Synopsis

ഒരുകാലത്ത് സ്വന്തം നാട്ടിൽ അജയ്യരായിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീം തുടർച്ചയായ തോൽവികളാൽ വിമർശനങ്ങളിൽ മുങ്ങുകയാണ്. ഗൗതം ഗംഭീറിന്റെയും അജിത് അഗാർക്കറിന്റെയും സെലക്ഷൻ നയങ്ങളെയും ടി20 താരങ്ങളെ ടെസ്റ്റിൽ ഉൾപ്പെടുത്തുന്നതിനെയും ആരാധകർ ചോദ്യം ചെയ്യുന്നു. 

ഗുവാഹത്തി: ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയം എല്ലാ ടീമുകളുടേയും ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. എന്നാല്‍ ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ടീമിന്റെ തലപ്പത്ത് വന്നതോടെ ആര്‍ക്കും തോല്‍പിക്കാവുന്ന ടീമായി മാറിയിക്കുകയാണ് ഇന്ത്യ. റണ്ണടിക്കാത്ത ബാറ്റര്‍മാര്‍. ലക്ഷ്യം മറന്ന ബൗളര്‍മാര്‍. തുടര്‍ തോല്‍വികള്‍. ആരാധകരെ നിരാശയുടെ നിലയില്ലാ കയത്തിലേക്ക് തള്ളിയിടുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം വിമര്‍ശനങ്ങളുടെ കൂമ്പാരത്തില്‍. 2012 മുതല്‍ 2023 വരെ സ്വന്തം നാട്ടില്‍ അഞ്ച് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ തോറ്റത്.

ഒറ്റവര്‍ഷത്തിനിടെ ഇന്ത്യ നേരിട്ടത് ഇത്രയും തോല്‍വികള്‍. സന്തുലിത ടെസ്റ്റ് ടീമിനെ കണ്ടെത്താതെ റെഡ് ബോളില്‍ ട്വന്റി 20 താരങ്ങളുമായി പരീക്ഷണം തുടരുന്ന മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ഈ തിരിച്ചടികള്‍ക്ക് കാരണം. റിസര്‍വ് ഓപ്പണര്‍, മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയുടെ പകരക്കാരന്‍, ശുഭ്മന്‍ ഗില്‍ കളിക്കുന്നില്ലെങ്കില്‍ നാലാം നമ്പര്‍ ബാറ്റര്‍, ജഡേജയുടെയും അശ്വിന്റെയും സ്പിന്‍ പകരക്കാര്‍, ജസ്പ്രീത് ബുമ്രയുടേയും മുഹമ്മദ് സിറാജിന്റെയും പിന്‍ഗാമികള്‍ ആര്. ഗംഭീറിനും അഗാര്‍ക്കറിനും ഇതിനൊന്നും ഉത്തരമില്ല, ഒഴികഴിവുകള്‍ മാത്രം.

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍വാരിക്കൂട്ടുന്ന സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍ തുടങ്ങിയവരെ തഴഞ്ഞാണ് അഗാര്‍ക്കറും ഗംഭീറും ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളെ ടെസ്റ്റ് ടീമില്‍ കുത്തിനിറച്ചിരിക്കുന്നത്. ട്വന്റി 20യില്‍ രണ്ടോ മൂന്നോ ശക്തമായ ടീമിനെ അണിനിരത്താന്‍ ശേഷിയുളള ഇന്ത്യക്ക് ടെസ്റ്റില്‍ മികച്ചൊരു ഇലവനെപ്പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്കുമുന്നില്‍ നിലംപൊത്തിയ ബാറ്റര്‍മാരാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ കണ്ടെത്തുകയും അവസരം നല്‍കി വളര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് സമാന ദുരന്തങ്ങളായിരിക്കും എന്നുറപ്പ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടം ഇന്ത്യയെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എടുത്തറിയപ്പെട്ടു. ഇനി അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. ഈ എട്ട് മാസത്തെ ഇടവേളയില്‍ ഇന്ത്യ പാഠം പഠിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര