
ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ ഉടമയായ പാര്‍ത്ഥ് ജിന്‍ഡാല്‍ ഇന്ത്യയുടെ പരിശീലകന്‍ ഗൗതം ഗംഭീറിനെ മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ടെസ്റ്റ് ക്രിക്കറ്റിന് മാത്രമായി മറ്റൊരു പരിശീലകനെ നിയമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഗൗതം ഗംഭീറിന് കീഴിലുള്ള ഇന്ത്യയുടെ വൈറ്റ്-ബോള്‍ ടീമുകളുടെ പ്രകടനം മികച്ചതാണെങ്കിലും ടെസ്റ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ ശരിയാവുന്നില്ലെന്ന് അദ്ദേഹം വിലയിരുത്തി.
അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തതിങ്ങനെ... ''വിജയത്തിന് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല. സ്വന്തം നാട്ടില്‍ എന്തൊരു പൂര്‍ണ്ണമായ തോല്‍വി! സ്വന്തം നാട്ടില്‍ നമ്മുടെ ടെസ്റ്റ് ടീം ഇത്ര ദുര്‍ബലമായി കണ്ടതായി ഓര്‍ക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യ ഒരു സ്‌പെഷ്യലിസ്റ്റ് റെഡ്-ബോള്‍ പരിശീലകനെ തിരഞ്ഞെടുക്കേണ്ട സമയമായി. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റ് താരങ്ങളെ തെരഞ്ഞെടുക്കാത്തപ്പോള്‍ പിഴവ് സംഭവിക്കരുത്.'' അദ്ദേഹം പറഞ്ഞു.
ഗംഭീര്‍ ചുമതലയേറ്റതിനുശേഷം, ഇന്ത്യ 19 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു, ഏഴ് വിജയങ്ങളും പത്ത് തോല്‍വികളും രണ്ട് സമനിലകളും നേടി. അതിന്റെ ഫലമായി വിജയ നിരക്ക് 37 ശതമാനത്തില്‍ താഴെയായി. ഗംഭീറിന് കീഴില്‍ ഇന്ത്യ ചില വിജയങ്ങളും നേടിയിരുന്നു. ദുര്‍ബലരായ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ 2-0ത്തിന് പരമ്പര വിജയം നേടി. അതിനേക്കാള്‍ ഏറെ തിരിച്ചടികളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം, ന്യൂസിലന്‍ഡിനോട് ഇന്ത്യ സ്വന്തം നാട്ടില്‍ 0-3ന് പരമ്പര പരാജയപ്പെട്ടിരുന്നു.
നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ടീമുകള്‍ മുമ്പ് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ആധിപത്യം ഇന്ത്യക്ക് നഷ്ടമായി. 12 മാസത്തിനിടെ രണ്ടാമത്തെ വൈറ്റ്വാഷ്. ഇന്ത്യയില്‍ നടന്ന അവസാന മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണം വൈറ്റ്വാഷ് ചെയ്യപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇത് ദുഷ്‌കരമായ സമയങ്ങളാണ്, അതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ഇന്ത്യ വളരെയധികം ഓള്‍റൗണ്ടര്‍മാരെയാണ് ആശ്രയിക്കുന്നത്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി ആഭ്യന്തര കലണ്ടര്‍ സീസണില്‍ 14 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.'' കാര്‍ത്തിക് പറഞ്ഞു.