
മുംബൈ: ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാത്ത ഇന്ത്യന്‍ ഏകദിന ടീം. ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോാര്‍ഡുള്ള റിഷഭ് പന്തിനെ വിക്കറ്ററാക്കി തിരിച്ചുവിളിച്ചു. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും. സഞ്ജു ആകട്ടെ അവസാനം കളിച്ച ഏകദിനത്തില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയിട്ടും പിന്നീടൊരിക്കലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.
ഇതുവരെ 14 ഏകദിന ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള സഞ്ജു 56.66 ശരാശരിയും 99.60 സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 510 റണ്‍സും നേടി. മറുവശത്ത് 27 ഇന്നിംഗ്‌സുകളാണ് പന്ത് ഇതുവരെ കളിച്ചത്. 871 റണ്‍സാണ് പന്ത് ഇതുവരെ നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 33.50 ശരാശരി മാത്രമാണ് പന്തിന്. ഈ കണക്കുകള്‍ വച്ചാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരമാണ് രാഹുലിന് ക്യാപ്റ്റനാക്കിയത്. ഓപ്പണറായി റുതുരാജ് ഗെയ്കവാദിനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം തിലക് വര്‍മയും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ടീമിലെത്തി. വൈസ് ക്യാപ്റ്റനും റിഷഭ് പന്താണ്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്കവാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജുറല്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം 30ന് റാഞ്ചിയിലാണ് ആദ്യ ഏകദിനം. ഡിസംബര്‍ മൂന്നിന് റായ്പൂരില്‍ രണ്ടാം ഏകദിനം നടക്കും. ആറിന് വിശാകപട്ടണത്താണ് മൂന്നാം ഏകദിനം. അതിന് ശേഷം അഞ്ച് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലും ഇരു ടീമുകളും കളിക്കും.