
മുംബൈ: സ്മൃതി മന്ദാന -പലാഷ് മുച്ചല്‍ വിവാഹം മാറ്റിവച്ചു. സ്മൃതിയുടെ അച്ഛന്‍ രോഗബാധിതന്‍ ആയതിനാല്‍ ആണ് തീരുമാനം. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. സ്മൃതിയുടെ മാനേജര്‍, തുഹിന്‍ മിശ്ര മാധ്യമങ്ങളെ അറിയിച്ചു. സ്മൃതിയുടെ അച്ഛന് പ്രഭാതഭക്ഷണ സമയത്ത് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നിരീക്ഷണത്തില്‍ ആണ്. അച്ഛനുമായി സ്മൃതി വളരെ അടുപ്പത്തിലാണ്. അച്ഛന്‍ സുഖമാകും വരെ വിവാഹം വേണ്ടെന്ന് സ്മൃതി പറഞ്ഞു. പിന്നീട് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ സംഗീത സംവിധായകന്‍ കൂടിയായ പലാഷ് മുച്ചല്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പലാഷ് മുച്ചല്‍ സ്മൃതിയെ ഔദ്യോഗികമായി പ്രപ്പോസ് ചെയ്തത്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചിലേക്ക് സ്മൃതിയെ കണ്ണുകെട്ടി കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്നശേഷമാണ് മൈതാന മധ്യത്തില്‍ മുട്ടുകുത്തി നിന്ന് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
പലാഷ് മുച്ചലുമായുള്ള വിവാഹ നിശ്ചയം സ്മൃതി സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, അരുന്ധതി റെഡ്ഡി എന്നിവര്‍ക്കൊപ്പം ചിത്രീകരിച്ച വീഡിയോയിലൂടെ ആയിരുന്നു സ്മൃതി ആരാധകരുമായി വിവാഹ നിശ്ചയ വിവരം പങ്കുവെച്ചത്.
വിവാഹിതാരവാന്‍ പോകുന്ന സ്മൃതി മന്ദാനയ്ക്കും പലാഷ് മുച്ചാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. സ്മൃതിക്കും പലാഷിനും എന്നേക്കും സന്തോഷകരമായ ജീവിതം ആശംസിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കത്തയച്ചിരുന്നു.