
മുംബൈ: സാധാരണയായി പിറന്നാള്‍ ദിവസങ്ങളില്‍ മിക്കവര്‍ക്കും ആശംസകളാണ് ലഭിക്കാറ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ കാര്യത്തില്‍ അങ്ങനെയല്ല. ആശംസകളേക്കാള്‍ ഏറെ ട്രോളുകളാണ്് അദ്ദേഹിത്തിന് നേരെ. സോഷ്യല്‍ മീഡിയയിലാണ് അഗാര്‍ക്കര്‍ക്ക് നേരെ ട്രോളുകള്‍ കാണപ്പെടുന്നത്. ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട പിറന്നാള്‍ ആശംസ പോസ്റ്റിന് താഴേയും പരിഹസിച്ചുള്ള കമന്റുകള്‍ നിറയുന്നു.
അഗാര്‍ക്കര്‍ ഇത്രയേറെ പരിഹസിക്കപ്പെടാന്‍ കാരണങ്ങള്‍ ഏറെയാണ്. അദ്ദേഹത്തിന്റെ കാലത്താണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റുകളുടെ നായകസ്ഥാനം ഏറ്റെടുത്തതും ഇക്കാലയളവിലാണ്. മുഹമ്മദ് ഷമിക്ക് ഇന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ല. മാത്രമല്ല, താരങ്ങള്‍ ഏറെ പരീക്ഷിക്കപ്പെടുന്നതും ഈ സമയത്ത് തന്നെ. അതുകൊണ്ടൊക്കെ തന്നെ അഗാര്‍ക്കര്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സ്വീകാര്യനായ ഒരു വ്യക്തിയല്ല. അഗാര്‍ക്കര്‍ ട്രോളുകളില്‍ നിറയാന്‍ ഇതിനേക്കാള്‍ ഏറെ മറ്റൊരു കാരണം വേണ്ട. ചില പോസ്റ്റുകള്‍ വായിക്കാം...
രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് പറഞ്ഞിരുന്നു.
''ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷെ അത് 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കുമെന്നായിരുന്നു കരുതിയത്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഇനിയും സമയം നല്‍കാമായിരുന്നു. ഫിറ്റ്‌നെസിന്റെ കാര്യത്തിലും രോഹിത് ഇപ്പോള്‍ വളരെയേറെ മെച്ചെപ്പെട്ടിട്ടുണ്ട്. ഇത്രയും തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അധിക ഉത്തരവാദിത്തമാണ് ഗില്ലിന്റെ തലയില്‍ സെലക്ടര്‍മാര്‍ വെച്ചുകൊടുത്തിരിക്കുന്നത്. ഇത് ഗില്ലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ടെസ്റ്റ് ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവുമാണ് ഗില്ലിന് തിടുക്കപ്പെട്ട് നല്‍കിയത് സൂര്യകുമാര്‍ യാദവ് സ്ഥാനമൊഴിയുമ്പോള്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സ്വാഭാവികമായും ഗില്ലിന്റെ ചുമലിലാവും.''കൈഫ് പറഞ്ഞു.