ഒരു ആശുപത്രി കിടക്കയ്‌ക്ക് ഇത്ര ബുദ്ധിമുട്ട് വരുമെന്ന് കരുതിയില്ല: ഹനുമ വിഹാരി

By Web TeamFirst Published May 14, 2021, 4:18 PM IST
Highlights

കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനായി യുകെയിലാണെങ്കിലും ട്വിറ്റര്‍ പ്രയോജനപ്പെടുത്തി ഹനുവ വിഹാരി സുഹൃത്തുക്കളുടേയും ഫോളോവേര്‍സിന്‍റേയും സഹായത്തോടെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്.

ലണ്ടന്‍: ഇന്ത്യ കൊവിഡ് 19 രണ്ടാം തരംഗത്തിന്‍റെ ഗുരുതര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് പലയിടത്തും രോഗികള്‍ക്ക് ആശുപത്രി കിടക്കയും ഓക്‌സിജനും ലഭ്യമല്ലാത്ത സാഹചര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു ആശുപത്രി കിടക്ക കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടേണ്ട സാഹചര്യം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹനുമ വിഹാരി. 

കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനായി യുകെയിലാണെങ്കിലും ട്വിറ്റര്‍ പ്രയോജനപ്പെടുത്തി ഹനുവ വിഹാരി സുഹൃത്തുക്കളുടേയും ഫോളോവേര്‍സിന്‍റേയും സഹായത്തോടെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. വിഹാരിയുടെ നേതൃത്വത്തിലുള്ള 100ഓളം വോളണ്ടിയര്‍മാരുടെ സംഘം കൊവിഡ് രോഗികള്‍ക്ക് പ്ലാസ്‌മ, ഓക്‌സിജന്‍ സിലിണ്ടറുകള്‍, അവശ്യ മരുന്നുകള്‍, ഭക്ഷണം, ആശുപത്രി കിടക്കകള്‍, എന്നിവ എത്തിക്കുന്നു. ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ വിഹാരിയുടെ സന്നദ്ധസംഘത്തിലുണ്ട്. 

വിഹാരിയുടെ വാക്കുകള്‍

'ഞാന്‍ എന്നെ തന്നെ മഹത്വവല്‍ക്കരിക്കുകയല്ല. താഴെത്തട്ടിലുള്ള ജനങ്ങളെ സഹായിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് രണ്ടാം തരംഗം അതിശക്തമാണ്. ഒരു ബെഡ് കിട്ടാന്‍ ഇത്രയേറെ പ്രയാസപ്പെടേണ്ടിവരുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. അതിനാല്‍ ഞാന്‍ എന്‍റെ ഫോളോവേര്‍സിനെ വോളണ്ടിയര്‍മാരാക്കി കഴിയാവുന്നത്ര ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ തീരുമാനിച്ചു. പ്ലാസ്‌മയും ബെഡും അവിശ്യ മരുന്നുകളും കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വേണ്ടത്ര സഹായം എത്തിക്കാന്‍ കഴിയുന്നില്ല. ഭാവിയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നു. 

ഞാന്‍ എന്‍റെയൊരു ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. ആളുകൾ പ്രചോദനം ഉൾക്കൊണ്ട് എന്നെ സഹായിക്കാൻ വരുന്നു. ആളുകളെ സഹായിക്കുന്നതിന് വേണ്ടി നൂറോളം പേരടങ്ങുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ട്. ഞാന്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് അവരുടെ(വിഹാരിയുടെ ടീം) അശ്രാന്ത പരിശ്രമം കൊണ്ടാണ്. എന്‍റെ ഭാര്യയും സഹോദരിയും ആന്ധ്ര ടീമിലെ കുറച്ച് സഹതാരങ്ങളും വോളണ്ടിയര്‍ ടീമിന്‍റെ ഭാഗമാണ്. അവരുടെ പിന്തുണ കാണുന്നത് ഹൃദയസ്‌പര്‍ശിയാണ്' എന്നും വിഹാരി കൂട്ടിച്ചേര്‍ത്തു. 

കോലിയോ ബാബറോ?; നമ്പര്‍ വണ്‍ ബാറ്റ്സ്മാനെ തെരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്

ഏഴ് കോടി ലക്ഷ്യമിട്ടു, 11 കോടി കിട്ടി! മനസും കയ്യും നിറച്ച് 'വിരുഷ്‌ക'യുടെ കൊവിഡ് ധനസമാഹരണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!