ധോണിയോടൊപ്പം കളിക്കുമ്പോള്‍ പരിശീലകന്റെ ആവശ്യമില്ലെന്ന് കുല്‍ദീപ് യാദവ്

By Web TeamFirst Published Jul 30, 2020, 8:13 PM IST
Highlights

ധോണിക്കൊപ്പം കളിക്കുമ്പോള്‍ ഒരു പരിശീലകന്റെ അഭാവം ഞാനൊരിക്കലും അറിഞ്ഞിട്ടില്ല. കാരണം അതുപോലെയാണ് അദ്ദേഹം എന്നോട് സംസാരിക്കാറുള്ളതും ഉപദേശം നല്‍കാറുള്ളതും. അദ്ദേഹം എന്നോട് എപ്പോഴും ആവശ്യപ്പെടാറുള്ളത് പന്ത് നന്നായി സ്പിന്‍ ചെയ്യിക്കാനാണ്.

ലക്നോ: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിക്കൊപ്പം കളിക്കുമ്പോള്‍ പരിശീലകന്റെ അഭാവം താന്‍ അറിഞ്ഞിട്ടേയില്ലെന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ക്യാപ്റ്റന്‍ വിരാട് കോലി സഹായിക്കാനായി എപ്പോഴും കൂടെയുണ്ടാവുമെങ്കിലും വിക്കറ്റിന് പിന്നില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് ഏറെ നിര്‍ണായകമായിരുന്നുവെന്നും കുല്‍ദീപ് പറഞ്ഞു.

ധോണിക്കൊപ്പം കളിക്കുമ്പോള്‍ ഒരു പരിശീലകന്റെ അഭാവം ഞാനൊരിക്കലും അറിഞ്ഞിട്ടില്ല. കാരണം അതുപോലെയാണ് അദ്ദേഹം എന്നോട് സംസാരിക്കാറുള്ളതും ഉപദേശം നല്‍കാറുള്ളതും. അദ്ദേഹം എന്നോട് എപ്പോഴും ആവശ്യപ്പെടാറുള്ളത് പന്ത് നന്നായി സ്പിന്‍ ചെയ്യിക്കാനാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ അത് ഒരുപാട് സമ്മര്‍ദ്ദമകറ്റും.

കാരണം പന്തെറിയുമ്പോള്‍ അതില്‍ മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതൊക്കെ വിക്കറ്റിന് പിന്നില്‍ നിന്ന് അദ്ദേഹം നോക്കിക്കൊള്ളും. കളിക്കു മുമ്പ് അദ്ദേഹം എന്തൊക്കെ ചെയ്യണെമന്ന് ചെറിയ ഉപദേശമൊക്കെ നല്‍കും. സീനിയര്‍ താരമായിട്ടും അദ്ദേഹം എന്നെയും ചാഹലിനെയും നല്ല രീതിയില്‍ പിന്തുണക്കുകയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു.

അരങ്ങേറ്റ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ നല്‍കിയ ഉപദേശമെന്തായിരുന്നുവെന്നും കുല്‍ദീപ് വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് ഇറങ്ങുന്നതിന് തൊട്ടുതലേന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് എടുക്കണമെന്ന്. ആദ്യം അതിന് എന്ത് മറുപടി നല്‍കുമെന്നറിയാതെ ഞാന്‍ കുറച്ചുനേരം നിശബ്ദനായി നിന്നു. പിന്നീട് തീര്‍ച്ചയായും വീഴ്ത്തും എന്ന് വാക്കു നല്‍കി-കുല്‍ദീപ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് കുംബ്ലെക്ക് നല്‍കിയ ഉറപ്പ് ഏറെക്കുറെ പാലിക്കുകയും ചെയ്തു.

click me!