ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജേഴ്‌സി സ്‌പോണ്‍സര്‍മാരായി; ഒരോ മത്സരത്തിലും ബിസിസിഐ നേടുക 4.5 കോടി

Published : Sep 16, 2025, 04:17 PM IST
new sponsors for indian cricket team

Synopsis

ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപ അപ്പോളോ ടയേഴ്‌സ് ബിസിസിഐക്ക് നല്‍കും. ഡ്രീം ഇലവന്‍ നല്‍കിയിരുന്നത് നാല് കോടി രൂപയായിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്‌സ്. 579 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് ബിസിസിഐ ഒപ്പുവച്ചത്. ഇക്കാലയളവില്‍ 21 ഐസിസി മത്സരങ്ങളും 121 ഉഭയകക്ഷി പരമ്പരകളിലെ മത്സരങ്ങളും ഇന്ത്യ കളിക്കും. ഡ്രീം ഇലവനുമായി കരാര്‍ അവസാനിപ്പിച്ച ശേഷമായിരുന്നു ബിസിസിഐ പുതിയ സ്‌പോണ്‍സര്‍മാരുമായി കരാര്‍ ഒപ്പിട്ടത്. ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപ അപ്പോളോ ടയേഴ്‌സ് ബിസിസിഐക്ക് നല്‍കും. ഡ്രീം ഇലവന്‍ നല്‍കിയിരുന്നത് നാല് കോടി രൂപയായിരുന്നു. നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരൊന്നുമില്ല. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനും നിലവില്‍ സ്‌പോണ്‍സര്‍മാരില്ല.

പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ നിര്‍മാണത്തെ തുടര്‍ന്നാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്. പിന്നീട് ധനകാര്യ സ്ഥാപനങ്ങനങ്ങളായ ഗ്രോ, ഏയ്ഞ്ചല്‍ വണ്‍, സെറോധ എന്നിവക്ക് പുറമെ ഓട്ടോമൊബൈല്‍ രംഗത്തെ വമ്പന്‍മാരും ഐപിഎല്ലില്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ ടാറ്റയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സ്‌പോണ്‍സര്‍ഷിപ്പ് കരാറിന് താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ അപ്പോളോ ടയേഴ്‌സിനാണ് നറുക്ക് വീണത്.

ജേഴ്‌സി സ്‌പോണ്‍സര്‍ വാഴാത്ത ടീം ഇന്ത്യ

2023ലാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന ജേഴ്‌സി സ്‌പോണ്‍സറായത്. മൂന്ന് വര്‍ഷഷത്തേക്കായിരുന്നു കരാര്‍. പുതിയ നിയമം പാസാക്കിയതോടെ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറുകയാണെന്ന് ഡ്രീം ഇലവന്‍ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് നിയമക്കുരുക്കില്‍ പെടുന്നത്. 2001 മുതല്‍ 2013വരെ ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ സഹാറ ഗ്രൂപ്പിനെ സെബി സാമ്പത്തികകുറ്റങ്ങള്‍ക്ക് വിലക്കിയതിനെത്തുടര്‍ന്ന് അവരെ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് മാറ്റേണ്ടിവന്നു.

പിന്നീട് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആയിരുന്നു 2013 മുതല്‍ 2017വരെ ഇന്ത്യയുടെ പ്രധാന ജേഴ്‌സി സ്‌പോണ്‍സര്‍. എന്നാല്‍ കോംപിറ്റേഷന്‍ കമ്മീഷന്‍ അന്വേഷണത്തെത്തുടര്‍ന്ന് അവരെയും മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായി. പിന്നീട് ഒപ്പോ 2017 മുതല്‍ 2020വരെ സ്‌പോണ്‍സര്‍മാരായി. പിന്നീട് 2020ല്‍ വന്ന ബൈജൂസ് ആകട്ടെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് കടക്കെണിയിലാകുകയും ബിസിസിഐയുമായി കേസ് നടത്തുകയുമാണിപ്പോള്‍. ഇതിന് പിന്നാലെയാണ് ഡ്രീം ഇലവനും സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

44 റണ്‍സിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകള്‍; രഞ്ജി ട്രോഫിയില്‍ ഛണ്ഡിഗഢിന് മേല്‍ക്കൈ
ശുഭ്മാന്‍ ഗില്ലും കൂട്ടരും ഒരുക്കിയ കെണിയില്‍ രവീന്ദ്ര ജഡേജ വീണു; ഏകദിനത്തിന് ശേഷം രഞ്ജി ട്രോഫിയിലും നിരാശ