ഇന്ത്യയെ അടിച്ചോടിച്ച് ലാഥമും വില്യംസണും; ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

By Web TeamFirst Published Nov 25, 2022, 3:00 PM IST
Highlights

ഇരുപതാം ഓവറില്‍ 88 റണ്‍സില്‍ മൂന്നാ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ന്യൂസിലന്‍ഡിന് ജത്തിലേക്ക് 180 പന്തില്‍ 228 റണ്‍സ് വേണമായിരുന്നു. ഫിന്‍ അലനെ(22) വീഴ്ത്തിയ ഷര്‍ദ്ദുല്‍ താക്കൂറും അരങ്ങേറ്റത്തില്‍ ഡെവോണ്‍ കോണ്‍വെയുടെയും(24), ഡാരില്‍ മിച്ചലിന്‍റെയും(11) ഇരട്ടവിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ മാലിക്കും ചേര്‍ന്നാണ് ഇന്ത്യക്ക് തുടക്കത്തില്‍ വിജയപ്രതീക്ഷ നല്‍കിയത്.

ഓക്‌ലന്‍ഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്‍റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 104 പന്തില്‍ 145 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 306-7, ന്യൂസിലന്‍ഡ് 47.1 ഓവറില്‍ 309-3.

തുടക്കം പാളി, ഒടുക്കം തകര്‍ത്തു

ഇരുപതാം ഓവറില്‍ 88 റണ്‍സില്‍ മൂന്നാ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ന്യൂസിലന്‍ഡിന് ജത്തിലേക്ക് 180 പന്തില്‍ 228 റണ്‍സ് വേണമായിരുന്നു. ഫിന്‍ അലനെ(22) വീഴ്ത്തിയ ഷര്‍ദ്ദുല്‍ താക്കൂറും അരങ്ങേറ്റത്തില്‍ ഡെവോണ്‍ കോണ്‍വെയുടെയും(24), ഡാരില്‍ മിച്ചലിന്‍റെയും(11) ഇരട്ടവിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ മാലിക്കും ചേര്‍ന്നാണ് ഇന്ത്യക്ക് തുടക്കത്തില്‍ വിജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്യംസണ്‍-ലാഥം സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ ഫലപ്രദമായി നേരിട്ടു. 54 പന്തില്‍ വില്യംസണ്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ടോം ലാഥം 51 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അവസാന 11 ഓവറില്‍ 93 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ലാഥം ഷര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ 40-ാം ഓവറില്‍ 25 റണ്‍സടിച്ച് സെഞ്ചുറിക്ക് അരികിലെത്തി. 70 പന്തില്‍ 77 റണ്‍സായിരുന്ന ലാഥം 76 പന്തില്‍ സെഞ്ചുറിയിലെത്തി. ആദ് അ‍ഞ്ചോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ ഷര്‍ദ്ദുല്‍ പിന്നീട് നാലോവറില്‍ 40 റണ്‍സ് വഴങ്ങി.

സെഞ്ചുറിക്ക് ശേഷവും തകര്‍ത്തടിച്ച ലാഥം വ്യക്തിഗത സ്കോര്‍ 124 റണ്‍സിലെത്തിയതോടെ ഏകദിനങ്ങളില്‍ ഇന്ത്യക്കെതിരെ കിവീസ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറിലെത്തി. മറുവശത്ത് ലാഥമിന് പറ്റിയ തുണക്കാരനായി കൂടെ നിന്ന കെയ്ന്‍ വില്യംസണും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 173 പന്തില്‍ 221 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി.

സഞ്ജു സാംസണുണ്ടായിട്ടും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കാനായി അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യയുടെ തന്ത്രം തിരിച്ചടിച്ചു. ബാറ്റിംഗില്‍ റിഷഭ് പന്ത് ഫോമിലായില്ല. 10 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത വാഷിംഗ്‌ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട ബൗളിംഗ് നടത്തിയത്. അരങ്ങേറ്റ മത്സരം കളിച്ച അര്‍ഷ്ദീപ് സിംഗ് ഓവറില്‍ റണ്‍സ് വഴങ്ങിയപ്പോള്‍ ഷര്‍ദ്ദുല്‍ 9 ഓവറില്‍ 63 റണ്‍സിന് ഒരു വിക്കറ്റും ഉമ്രാന്‍ മാലിക്ക് 10 ഓവറില്‍ 66 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു യുസ്‌വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത  ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സടിച്ചത്. അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്‌ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു.

click me!