ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ന്യൂസിലന്‍ഡ് പേസര്‍മാര്‍; രണ്ടാം ടി20യില്‍ കിവീസിന് 68 റണ്‍സ് ജയം

Published : Mar 17, 2026, 05:54 PM IST
LOCKIE FERGUSON

Synopsis

ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ്. ഡെവോണ്‍ കോണ്‍വേയുടെ അര്‍ധസെഞ്ചുറിയും പേസര്‍മാരായ ബെന്‍ സിയേഴ്‌സ്, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ മികച്ച പ്രകടനവുമാണ് കിവീസിന് ജയമൊരുക്കിയത്. 

ഹാമില്‍ട്ടണ്‍: ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ അര്‍ധസെഞ്ചുറിയും ബൗളര്‍മാരുടെ മികച്ച പ്രകടനവും കരുത്തായപ്പോള്‍ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡിന് 1-1ന് ഒപ്പമെത്താന്‍ സാധിച്ചു. സെഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 15.3 ഓവറില്‍ വെറും 107 റണ്‍സിനെ എല്ലാ വിക്കറ്റുകളും നഷ്ടമായി.

60 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. ടോം ലാതമിന്റെ (11) വിക്കറ്റാണ് ന്യൂസിലന്‍ഡിന് ആദ്യം നഷ്ടമാകുന്നത്. തുടര്‍ന്ന് വന്ന ടിം റോബിന്‍സണ് (1) തിളങ്ങാന്‍ സാധിച്ചില്ല. നിക്ക് കെല്ലി (21), മിച്ചല്‍ സാന്റ്‌നര്‍ (20) എന്നിവര്‍ മധ്യനിരയില്‍ നിര്‍ണായക സംഭാവന നല്‍കി. 16-ാം ഓവറില്‍ കോണ്‍വെ മടങ്ങി. ഇതോടെ അഞ്ചിന് 124 എന്ന നിലയിലായി ന്യൂസിലന്‍ഡ്. 49 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. ജയിംസ് നീഷം (8) നിരാശപ്പെടുത്തിയെങ്കിലും കോള്‍ മക്‌കോഞ്ഞി (18), ജോഷ് ക്ലര്‍ക്ക്‌സണ്‍ (9 പന്തില്‍ 26) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി വിയാന്‍ മള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പിന്നീട് ന്യൂസിലന്‍ഡ് പേസര്‍മാരായ ബെന്‍ സിയേഴ്‌സും (3/14), ലോക്കി ഫെര്‍ഗൂസണും (3/16) ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ സന്ദര്‍ശകര്‍ പതറി. ദക്ഷിണാഫ്രിക്കയുടെ പത്ത് വിക്കറ്റുകളും ക്യാച്ചുകളിലൂടെയാണ് വീണത് എന്നത് പിച്ചിന്റെ സ്വഭാവത്തെയും ബാറ്റിംഗിലെ ബുദ്ധിമുട്ടിനെയും സൂചിപ്പിക്കുന്നു. ജോര്‍ജ് ലിന്‍ഡെ 12 പന്തില്‍ 33 റണ്‍സെടുത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫെര്‍ഗൂസണ്‍ അദ്ദേഹത്തെ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

മഞ്ഞു വീഴ്ചയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പിച്ച് റീഡ് ചെയ്യുന്നതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് മത്സരശേഷം പറഞ്ഞു. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച ഓക്ലന്‍ഡില്‍ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ചുരുങ്ങിയ സീസണുകള്‍, ഒരുപാട് ഓർമകൾ; ആ അഞ്ച് ടീമുകള്‍
കോലിയുമല്ല, ഗെയ്‌ലുമല്ല; ടി20 കണ്ട എക്കാലത്തെയും വലിയ താരം ഒരു ബൗളർ, വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്സ്